കശ്മീരിലെ പ്രശ്‌നങ്ങള്‍ തന്നെ വേദനിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി


കശ്മീരില്‍ അടുത്തിടെ നടന്ന അനിഷ്ട സംഭവങ്ങള്‍ ഏതൊരു ഭാരതീയനെയും പോലെ തന്നെയും വേദനിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ നേതാക്കള്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കേണ്ടതുണ്ട്. സ്ഥിതി ഇനിയും രൂക്ഷമായാല്‍ കശ്മീരിലെ പാവങ്ങളായിരിക്കും ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു.


കശ്മീരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ക്രമസമാധാനപാലനം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ അതിന്റെ പേരില്‍ ദേശസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


പാക് അധീന കശ്മീരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ലോകത്തോട് പാക്കിസ്ഥാന് മറുപടി പറയേണ്ട സമയം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ യുവാക്കളെ മുഖ്യധാരാ സാമ്പത്തിക മേഖലയിലേക്ക് സമന്വയിപ്പിക്കാനുളള ശ്രമങ്ങള്‍ തുടരും. സംസ്ഥാനത്തിന്റെ വികസനയാത്രയ്ക്ക് സാദ്ധ്യമായ എല്ലാ സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.



Sharing is Caring