കല്‍മാഡി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ലൈഫ് പ്രസിഡന്റ്


കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍പെട്ട വിവാദ നായകന്മാരായ സുരേഷ് കല്‍മാഡിയെയും അഭയ്‌സിങ് ചൗട്ടാലയെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) ഓണററി ലൈഫ്‌ടൈം (ആജീവനാന്ത) പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന ഐ.ഒ.എ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇരുവരെയും ആജീവനാന്ത പ്രസിഡന്റുമാരായി തെരഞ്ഞെടുത്തത്.


കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ ആരോപണ വിധേയനാണ് മുന്‍ കോണ്‍ഗ്രസ് നേതാവു കൂടിയായ കല്‍മാഡി. ഗെയിംസുമായി ബന്ധപ്പെട്ട് വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കല്‍മാഡിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജയിലില്‍ പോയ അദ്ദേഹം ജാമ്യം ലഭിച്ച ശേഷം പുറത്തുവരികയായിരുന്നു.


ഗെയിംസുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് അനധികൃതമായി കരാറുകള്‍ നല്‍കിയെന്നും കല്‍മാഡിയ്‌ക്കെതിരെ ആരോപണം.

അതേസമയം ഇരുവരുടെയും നിയമനത്തില്‍ കേന്ദ്ര കായികമന്ത്രാലായം അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. കല്‍മാഡിയുടെ നിയമനം ഗുരുതരമായ വിഷയമാണെന്നും ഇക്കാര്യം പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി.



Sharing is Caring