കറുത്ത കൊലയാളി; കരുതിയിരിക്കണം ബ്ലാക്ക്‌ ഫംഗസിനെ

കാസർകോട് : അടുത്തകാലത്തായി വട്ടച്ചൊറിയുൾപ്പെടെയുള്ള പൂപ്പൽ (ഫംഗസ്) രോഗങ്ങൾ രാജ്യത്താകമാനം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ഇന്ന് കോവിഡ് രോഗമുക്തരായ പ്രതിരോധശേഷി കുറഞ്ഞവരിൽ ബ്ലാക്ക് ഫംഗസ് (മ്യൂകോർമൈകോസിസ്) പടരുന്നതായാണ് കണ്ടുവരുന്നത്. രോഗം ബാധിച്ചവരിൽ 50 മുതൽ 85 ശതമാനം വരെ ചെറിയ കാലയളവിൽ മരണത്തിന് കീഴടങ്ങുന്നു. രോഗമുക്തരായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നവരിൽ പലരും കടുത്ത വൈകല്യവുമായാണ് ശിഷ്ടകാലം കഴിയേണ്ടിവരുന്നത്.

സൂക്ഷ്മദർശിനിയിലൂടെ നോക്കുമ്പോൾ കറുത്ത നിറത്തിൽ കാണുന്നതിനാലാണ് ബ്ലാക്ക് ഫംഗസ് എന്ന പേര് ലഭിച്ചത്. വൈറസ് ബാധമൂലം കൃത്യമായ രീതിയിൽ പ്രവർത്തിക്കാത്ത വെളുത്ത രക്തകോശങ്ങളെയാണ് ബ്ലാക്ക് ഫംഗസ് ബാധിക്കുന്നത്. കോവിഡിൽ നിന്ന് രക്ഷപ്പെടുന്നതിന് അമിതമായി സ്റ്റിറോയ്ഡ് ഉപയോഗിക്കേണ്ടി വന്നവർക്കും ആശുപത്രി വാസത്തിനിടയിൽ മികച്ച പോഷകമൂല്യമുള്ള ഭക്ഷണം ലഭിക്കാത്തവർക്കും രോഗസാധ്യത കൂടുതലാണ്.

അടിയന്തര പ്രാധാന്യത്തോടെയുള്ള ചികിത്സയാണ് രോഗിക്ക് ഡോക്ടർമാർ നിർദേശിക്കുന്നത്. അതുകൊണ്ട് രോഗം സംശയിക്കപ്പെടുമ്പോൾ തന്നെ സ്ഥിരീകരണത്തിന് കാത്തു നിൽക്കാതെ ചികിത്സ തുടങ്ങുകയാണ് പതിവ്. ചികിത്സ ആറ്് മാസം വരെ തുടരേണ്ടി വരും.

ശരീരത്തിൽ പൂപ്പൽ ഉണ്ടാക്കിയ ആഘാതത്തെ മരുന്നുകൊണ്ട് മാറ്റിയെടുക്കാനാകില്ല. രോഗം രക്തക്കുഴലുകളെ നശിപ്പിക്കുന്നത് കൊണ്ടാണിത്. രോഗം ബാധിച്ച കോശവും ഞരമ്പുകളും എല്ലും ശസ്ത്രക്രിയയിലൂടെ നീക്കലും തുടർ ചികിത്സയും മാത്രമാണ് രോഗിയെ രക്ഷിക്കാനുള്ള വഴി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *