കര്‍ഷക സമരം: കേന്ദ്ര സര്‍ക്കാരുമായുള്ള പത്താം വട്ട ചര്‍ച്ച ഇന്ന്

കാര്‍ഷിക നിയമ ഭേദഗതിക്കെതിരായി സമരം 56ാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍, കര്‍ഷകരുമായി കേന്ദ്രസര്‍ക്കാരിന്റെ പത്താം വട്ട ചര്‍ച്ച ഇന്ന്. വിഗ്യാന്‍ ഭവനില്‍ ഉച്ചക്ക് 2 മണിക്കാണ് ചര്‍ച്ച നടക്കുക. നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നും ഭേദഗതികള്‍ ചര്‍ച്ച ചെയ്യണമെന്നുമാണ് കേന്ദ്രസര്‍ക്കാറിന്‍റെ നിലപാട്. നിയമങ്ങള്‍ പിന്‍വലിക്കാതെ വിശദമായ ചര്‍ച്ചക്കില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.

ചൊവ്വാഴ്ച ആദ്യം ആസൂത്രണം ചെയ്തിരുന്ന ചര്‍ച്ച ജനുവരി 20 ലേക്ക് മാറ്റുകയായിരുന്നു. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന് ഇരുപക്ഷവും ആഗ്രഹിക്കുന്നുണ്ടെങ്കിലും മറ്റ് പ്രത്യയശാസ്ത്രങ്ങളിലെ ആളുകളുടെ പങ്കാളിത്തം മൂലം ഇത് വൈകുകയായിരുന്നുവെന്ന് കേന്ദ്രം പ്രതികരിച്ചു.
കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയും ഇന്ന് മുതല്‍ കര്‍ഷകരമായി കൂടിക്കാഴ്ച നടത്തും. നിയമത്തെ എതിര്‍ക്കുന്ന സംഘടനകള്‍ സമിതിയുമായി സഹകരിക്കില്ലെന്നും സമിതി അംഗങ്ങളെ മുഴുവന്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ ലോക് ശക്തി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, വിദഗ്ധ സമിതി അംഗങ്ങള്‍ പക്ഷപാതമുള്ളവരാണെന്ന് ചിന്തിക്കരുതെന്നും തുറന്ന മനസോടെ സമിതിയുമായി കര്‍ഷകര്‍ സഹകരിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ നടത്തുമെന്ന് ആഹ്വാനം ചെയ്ത ട്രാക്ടര്‍ റാലിക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ട്രാക്ടറുകളില്‍ ദേശീയപതാക നാട്ടിക്കൊണ്ട് ഡല്‍ഹിയിലെ ഔട്ട‌ര്‍ റിംഗ് റോഡില്‍ പരേഡ് നടത്താനാണ് കര്‍ഷകരുടെ തീരുമാനം.

കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ മാര്‍ച്ച്‌ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിനു തടസ്സമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണെന്നും അത് തടയാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അധികൃതര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലായി രണ്ടുമാസത്തോളമായി പ്രതിഷേധിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *