കര്‍ഷക ബില്ലിനെതിരെ പഞ്ചാബില്‍ ജിയോ സിം പൊട്ടിച്ചും കത്തിച്ചും പ്രതിഷേധം

കേന്ദ്ര സർക്കാരിന്‍റെ കാർഷിക ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായിരുന്നു​. കർഷക സംഘടനകൾക്കൊപ്പം പ്രതിപക്ഷ പാർട്ടികളും അണിചേർന്നായിരുന്നു സമരങ്ങൾക്ക്​ നേതൃത്വം നൽകിയത്​. കർഷകബിൽ പാസായി നിയമമായതോടെ സിം സത്യാഗ്രഹം നടത്തിയിരിക്കുകയാണ്​പഞ്ചാബിലെ കര്‍ഷകര്‍. കോര്‍പ്പറേറ്റുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായി റിലയന്‍സ് ​ജിയോ സിം കാര്‍ഡുകള്‍ പൊട്ടിച്ചുകളഞ്ഞായിരുന്നു അവർ അരിശം തീർത്തത്​. അമൃത്സറില്‍ നടന്ന പ്രതിഷേധത്തില്‍ കര്‍ഷകര്‍ ജിയോ സിമ്മുകള്‍ കത്തിച്ചുകളഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ജിയോ സിമ്മിനെതിരായ ക്യാമ്പയിനും ശക്തമാണ്.

റിലയന്‍സ് പമ്പുകളില്‍ നിന്നും പെട്രോളും ഡീസലും അടിക്കരുതെന്ന് ആഹ്വാനം ചെയ്തുള്ള ക്യാമ്പയിനുകളും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. അംബാനി, അദാനി തുടങ്ങിയ കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണ് കാര്‍ഷിക നിയമങ്ങളിലൂടെ നരേന്ദ്ര മോദി ചെയ്യുന്നതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

റിലയന്‍സ് ജിയോ സിം കാര്‍ഡുകള്‍ ബഹിഷ്കരിക്കണമെന്നും റിലയന്‍സ് പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങരുതെന്നും തങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും കോര്‍പ്പറേറ്റുകളെ ബഹിഷ്കരിക്കുന്നത് കര്‍ഷകര്‍ നടപ്പിലാക്കി തുടങ്ങിയെന്നും കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് മന്‍ജിത്‌ സിംഗ് റായ് പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി നേരത്തെ ഇന്ത്യാഗേറ്റിന് മുന്നില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചിരുന്നു. ലോറിയില്‍ കൊണ്ടുവന്ന ട്രാക്ടര്‍ ഇന്ത്യ ഗേറ്റിന് മുന്‍പിലിട്ട് കത്തിക്കുകയായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *