കര്‍ഷകന്റെ ആത്മഹത്യാകുറിപ്പില്‍ സഹോദരനെതിരെയും പരാമര്‍ശം


കോഴിക്കോട്: ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹോദരനെതിരെയും ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശം. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെടുന്നത് ജോയിയുടെ സഹോദരന്‍ ജിമ്മിയാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ പോലീസ് ഉടന്‍ തന്നെ ചോദ്യം ചെയ്യും. ഭൂസ്വത്തിന്റെ കാര്യത്തില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും തന്റെ ഭൂമിയില്‍ സഹോദരന്‍ നികുതിയടച്ച് ഭൂസ്വത്ത് സ്വന്തമാക്കാന്‍ ശ്രമിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. തന്റെ ഭൂമിയില്‍ മറ്റൊരാള്‍ സ്ഥിരമായി നികുതിയടയ്ക്കാറുണ്ടെന്നും അതാരാണെന്ന് വില്ലേജ് ഓഫീസര്‍ വ്യക്തമാക്കിയില്ലെന്നും ജോയി ആത്മഹത്യാകുറിപ്പില്‍ ആരോപിക്കുന്നു. വില്ലേജ് ഓഫീസറായി സിരീഷ് ഇരിക്കുന്ന കാലത്തോളം തനിക്ക് നികുതി അടയ്ക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ജോയിയുടെ വസ്തുവിനോട് ചേര്‍ന്ന് ഒരു ക്വാറി ആരംഭിക്കുവാന്‍ സഹോദരന്‍ ജിമ്മി ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഇവര്‍ തമ്മിലുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. മരിച്ച ജോയി കടുത്ത സാമ്പത്തികപ്രതിസന്ധി നേരിട്ടെങ്കിലും അദ്ദേഹത്തെ സഹായിക്കാനുള്ള മനസ്സ് സഹോദരങ്ങളാരും കാണിച്ചിട്ടില്ലെന്നും ജോയിയുടെ ഭാര്യ പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ജോയിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ വില്ലേജ് അസി.ഓഫീസര്‍ സിരീഷ് ഒളിവില്‍ പോയി. ഇയാള്‍ക്കെതിരെ പോലീസ് ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇയാള്‍ക്കായി പോലീസ് വ്യാപകതിരച്ചില്‍ ആരംഭിച്ചു.




Sharing is Caring