പൊതുപരിപാടിക്കിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പഞ്ചായത്ത് അംഗമായ സ്ത്രീ കവിളില്‍ ചുംബിച്ചു. കര്‍ണാടക പ്രദേശ് കുര്‍ബ സംഘത്തിന്റെ ആഭിമുഖ്യത്തില്‍, പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സില്ല, താലൂക്ക് പഞ്ചായത്ത് അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിനിടെ ആയിരുന്നു സംഭവം.
മുഖ്യമന്ത്രിക്കൊപ്പം പഞ്ചായത്ത് അംഗങ്ങള്‍ക്ക് ഗ്രൂപ്പ് ഫോട്ടോയ്ക്ക് നിരന്നപ്പോഴായിരുന്നു ചാനല്‍ കാമറകളെ സാക്ഷിയാക്കി പഞ്ചായത്ത് അംഗമായ ഗിരിജ ശ്രീനിവാസ് എന്ന സ്ത്രീ സിദ്ധരാമയ്യയുടെ വലതു കവിളില്‍ ചുംബിച്ചത്. മുഖ്യമന്ത്രിയുടെ തല പിടിച്ച് കുനിച്ച ശേഷമായിരുന്നു ചുംബനം. ഗിരിജ ചുംബിക്കുമ്പോള്‍ സിദ്ധരാമയ്യ തന്റെ വലതു കൈ കൊണ്ട് ഗിരിജയുടെ തലയില്‍ തലോടുന്നതും ചിത്രങ്ങളില്‍ കാണാം. ചുംബിച്ച ഉടന്‍ തന്നെ ഗിരിജ വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഉടന്‍ തന്നെ ജാള്യത നിറഞ്ഞ ചിരിയോടെ സിദ്ധരാമയ്യ തന്റെ തോളില്‍ കിടന്ന ഷാള്‍ കൊണ്ട് കവിള്‍ തുടയ്ക്കുകയും ചെയ്തു.

കുറുബ സമുദായംഗമാണ് സിദ്ധരാമയ്യയും. കര്‍ണാടകയിലെ മുഖ്യമന്ത്രി കുറുബ സമുദായംഗമായത് സന്തോഷമുള്ള കാര്യമാണെന്ന് ഗിരിജ പ്രതികരിച്ചു. കുറുബ സമുദായത്തിന്റെ പുലിയാണ് സിദ്ധരാമയ്യയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിദ്ധരാമയ്യയെ അപ്പാജി (അച്ഛന്‍) എന്നാണ് താനും കുടുംബാംഗങ്ങളും വിളിക്കാറുള്ളതെന്ന് പറഞ്ഞ ഗിരിജ, മുഖ്യമന്ത്രിയെ ചുംബിക്കാന്‍ തീരുമാനിച്ച് ഉറച്ചല്ല താന്‍ വന്നതെന്നും വ്യക്തമാക്കി. ഗിരിജ തനിക്ക് മകളെ പോലെയാണെന്ന് സിദ്ധരാമയ്യ പിന്നീട് പ്രതികരിച്ചു.













