കര്‍ണാടക തിരഞ്ഞെടുപ്പ് ചൂടില്‍; അഞ്ച് ദിവസത്തില്‍ 15 റാലികളുമായി മോഡി


ബംഗലൂരു:കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു. ബിജെപി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംസ്ഥാനത്ത് പ്രചാരണത്തിനെത്തുന്നു. 5 ദിവസങ്ങളിലായി പതിനഞ്ച് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക.


മേയ് ഒന്നിന് മൂന്ന് റാലികളിലാണ് മോഡി പങ്കെടുക്കുക. ചാമരാജ്‌നഗര്‍, ഉഡുപ്പി, ബെലഗവി എന്നിവിടങ്ങളിലാണിത്. മേയ് മൂന്നിന് ഗുല്‍ബര്‍ഗ, ബല്ലാരി, ബംഗലൂരു എന്നിവിടങ്ങളിലെ റാലികളില്‍ പങ്കെടുക്കും. മേയ് അഞ്ചിന് തുംകുര്‍, ശിവമോഗ, ഹുബ്ബാലി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന മോഡി മേയ് 7ന് റായ്ച്ചൂര്‍, ചിത്രദുര്‍ഗ, കൊളര്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. വിജയപുര, മംഗലാപുരം, ബംഗലൂരു എന്നിവ്ടങ്ങളില്‍ മേയ് എട്ടിനാണ് മോഡി എത്തുക. മോഡി പ്രചാരണം തുടങ്ങിയാല്‍ പാര്‍ട്ടിക്ക് വ്യക്തമായ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബീജെപി നേതാക്കള്‍.


മോഡിയെ കൂടാതെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് കൊഴുപ്പേകാന്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, സുഷമ സ്വരാജ്, നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍, രവി ശങ്കര്‍ പ്രസാദ് എന്നിവരും സംസ്ഥാനത്തെത്തും. കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസും റാലികളില്‍ പങ്കെടുക്കും.



Sharing is Caring