മാധവിക്കുട്ടിയുടെ ജീവിതകഥ പ്രമേയമാകുന്ന കമല്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ബോളിവുഡ് താരം വിദ്യാ ബാലന്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംവിധായകന് കമല്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് വിദ്യാബാലന് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വിദ്യാ ബാലന്റെ പി.ആര്.ഒ ശില്‍പ്പി ദുഗ്ഗല്‍ പറഞ്ഞു. അറുപത് ദിവസത്തെ ഡേറ്റാണ് വിദ്യാ ബാലന് ചിത്രത്തിനായി നല്‍കിയിരുന്നത്. ഡിസംബര്‍ അവസാനം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം സിനിമാ പ്രതിസന്ധിയെ തുടര്‍ന്നാണ് വൈകുന്നതെന്നും ദുഗ്ഗല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.

മാധവിക്കുട്ടിയുടെ ജീവിതത്തിലെ രണ്ട് ഘട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ആത്മകഥയായ എന്റെ കഥ എഴുതുന്നതിന് മുന്‍പുള്ള മാധവിക്കുട്ടിയുടെ ജീവിതവും. ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം കമല സുരയ്യ ആയതിന് ശേഷമുള്ള ജീവിതവുമാണ് സിനിമ പറയുന്നത്.













