തമിഴ് രാഷ്ട്രീയത്തിന് പുതിയ മാനം പകരാനൊരുങ്ങുന്നതെന്നിന്ത്യന്‍ താരം കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കും. തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്നു സംസ്ഥാനവ്യാപകമായ പര്യടനവും അന്നുതന്നെ ആരംഭിക്കുമെന്നും കമല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിവിധ ഘട്ടങ്ങളിലായാണു പര്യടനം നടക്കുക. കമലിന്റെ ജന്മനാടായ രാമനാഥപുരത്തു നിന്ന് ആരംഭിക്കുന്ന പര്യടനം മധുര, ഡിണ്ടിഗല്‍, ശിവഗംഗ എന്നീ ജില്ലകളിലും ഉണ്ടാകും.

രാമനാഥപുരത്തു വെച്ചാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുക.
രാഷ്ട്രീയ പാര്‍ട്ടിയുടെ പേരു പ്രഖ്യാപിക്കുന്നതോടൊപ്പം തന്നെ പാര്‍ട്ടി നയങ്ങളും മുന്നോട്ടു നയിക്കേണ്ട തത്വങ്ങളും പ്രഖ്യാപിക്കുമെന്നും കമല്‍ വ്യക്തമാക്കി. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കുറച്ചുകാലങ്ങളായി നിലനില്‍ക്കുന്ന മാറ്റമില്ലാത്ത അവസ്ഥയെ വെല്ലുവിളിച്ചാണു താന്‍ രംഗത്തിറങ്ങുന്നത്. ഇതിനായി തന്റെ ചിന്തകളും പ്രവൃത്തികളും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. സംസ്ഥാന പര്യടനം കൊണ്ടു ലക്ഷ്യമിടുന്നത് ഇതാണ്. ജനങ്ങള്‍ക്ക് എന്താണു വേണ്ടതെന്നു മനസ്സിലാക്കണം. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിയണം.
ഗ്ലാമര്‍ പരിവേഷത്തിനോ വിപ്ലവമുണ്ടാക്കാനോ അല്ല തന്റെ പര്യടനം. ജനങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഒരു അവസരമായാണ് ഇതിനെ കാണുന്നത്. പല കാര്യങ്ങളെയും ചോദ്യം ചെയ്യാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ തയാറാകണം. സംസ്ഥാനത്തെ ക്ഷേമപ്രവര്‍ത്തനങ്ങളും ഭരണനിര്‍വഹണവും ഉയര്‍ത്തിക്കൊണ്ടുവരണം. ഈ ലക്ഷ്യം നേടുന്നതിനാണു തന്റെ പര്യടനം. സംസ്ഥാനത്തെയും രാജ്യത്തെയും ശക്തമാക്കാന്‍ തനിക്കൊപ്പം ചേരാന്‍ കമല്‍ ജനങ്ങളെ ആഹ്വാനം ചെയ്തു.













