കനത്ത മഴയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ മണ്ണിടിഞ്ഞ് ഇരുനൂറിലേറെ കുടുംബങ്ങളെ കാണാതായി. അപകടത്തില്‍പ്പെട്ട മുന്നൂറോളം പേര് മരിച്ചിരിക്കാമെന്നാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്ന റെഡ് ക്രോസ് സേന നല്കുന്ന സൂചന. 37 പേര് മരിച്ചതായി സൈനിക കേന്ദ്രം സ്ഥരീകരിച്ചിട്ടുണ്ട്. കെഗല്ലെ ജില്ലയിലെ അരനായകയിലാണ് സംഭവം.
220 കുടുംബങ്ങളാണ് മണ്ണിനടിയില്പ്പെട്ടിരിക്കുന്നതെന്ന് റെഡ് ക്രോസ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ എത്ര പേര് അപകടത്തില്‍പ്പെട്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നില്ല. ഏതാണ്ട് 1,000- 1,500 പേര് മണ്ണിനടിയില്പ്പെട്ടിരിക്കാമെന്നാണ് നിഗമനം. സംഭവത്തില്‍ 300- 400 പേര് മരിച്ചിരിക്കാമെന്നാണ് കരുതുന്നതെന്ന് റെഡ് ക്രോസ് ശ്രീലങ്കയുടെ ഡയരക്ടര്‍ ജനറല്‍ നെവില്ലെ നാനയാക്കര പറഞ്ഞു.














