കനത്ത മഴ: കേരളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ അവിടേയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അമേരിക്ക അവരുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ശക്തമായ തെക്കു പടിഞ്ഞാറന്‍ മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ശക്തമാണെന്നും അതിനാല്‍ അവിടേയ്ക്ക് പോകുന്നത് സുരക്ഷിതമല്ലെന്നുമാണ് യുഎസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

കേരളത്തില്‍ തുടരുന്ന മഴയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 24 ആയി. കഴിഞ്ഞ രണ്ട് ദിവസമായിട്ടാണ് മഴ ശക്തമായതും വെള്ളപ്പൊക്കം ദുരിതം വിതച്ച് തുടങ്ങിയതും. നിലവില്‍ സംസ്ഥാനത്തുള്ള സ്ഥിതിഗതികള്‍ വളരെ ഭയാനകമാണെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്.

ഏഷ്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയുടേത് ഉള്‍പ്പെടെ 22 ഓളം അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്ന് വിട്ടിരിക്കുന്നത്. ഡാമുകള്‍ നിറഞ്ഞ സാഹചര്യത്തിലാണ് ഇവ തുറന്നു വിട്ടത്. ഡാമുകള്‍ തുറന്ന് വിട്ടതിനാലാണ് മിക്കയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്. ദുരന്തനിവാരണ സേനയും പൊലീസും ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *