മുംബൈ: വെള്ളിയാഴ്ച തുടങ്ങിയ കനത്തമഴ തുടര്‍ച്ചയായി മൂന്നാംദിവസത്തിലേക്ക് നീണ്ടപ്പോള്‍ മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ജനജീവിതം ദുരിതപൂര്‍ണമായി. മണ്ണിടിച്ചില്‍ ഉണ്ടായ കൊങ്കണ്‍ പാതയില്‍ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. പലയിടത്തായി പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് മുംബൈയിലേക്കുള്ള മൂന്നു തീവണ്ടിപ്പാതകളും അടഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി. മഹാനഗരം പാടെ ഒറ്റപ്പെട്ട അവസ്ഥയിലുമായി.
പനവേല്‍, റോഹ സ്റ്റേഷനുകള്‍ക്കിടയില്‍ ജിതെ സ്റ്റേഷനുസമീപം മണ്ണിടിഞ്ഞതിനെത്തുടര്‍ന്നാണു കൊങ്കണ്‍ പാതയിലൂടെയുള്ള ഗതാഗതം നിലച്ചത്. നാഗോത്താനെ സ്റ്റേഷനുസമീപം അംബ പാലത്തിലെ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതോടെ പ്രശ്നം രൂക്ഷമായി. അതോടെ കൊങ്കണ്‍ പാത പൂര്‍ണമായി അടഞ്ഞു.

കല്യാണ്‍, ഇഗത്പുരി സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലേക്ക് പാറവീണതോടെ നാസിക് ഭാഗത്തേക്കുള്ള ഗതാഗതവും നിലച്ചു. കല്യാണ്‍-കര്‍ജത്ത് മേഖലയില്‍ ഷെലുവിലും വാംഗണി-നെരല്‍ സ്റ്റേഷനുകള്‍ക്കിടയിലും പാളത്തിനടിയില്‍നിന്ന് മണ്ണൊലിച്ചുപോയതോടെ പുണെ-മുംബൈ പാതയിലെ ഗതാഗതവും തടസ്സപ്പെട്ടു.
രാവിലെ പതിനൊന്നോടെയാണ് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞത്. വൈകീട്ട് നാലോടെ മണ്ണുമാറ്റിയശേഷമാണു രാജധാനി എക്സ്‌പ്രസ് മുന്നോട്ടുപോയത്. എന്നാല്‍, നാഗോത്താനയിലെ വെള്ളം ഒഴുകിപ്പോകാത്തതുകാരണം പാത അടഞ്ഞുതന്നെ കിടന്നു. ഈ പാതയിലൂടെ ഓടേണ്ട മറ്റു വണ്ടികളെല്ലാം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി.
ഡല്‍ഹിയില്‍നിന്നുവന്ന മംഗള എക്സ്‌പ്രസ് ഇഗത്പുരിയില്‍നിന്നു മന്‍മാഡ്, ദൗണ്ട് വഴി തിരിച്ചുവിട്ടു. കന്യാകുമാരിയില്‍നിന്നു മുംബൈയിലേക്കു പുറപ്പെട്ട ജയന്തി ജനത മന്‍മാഡ്-ഇഗത്പുരി-കല്യാണ്‍ വഴിയാണു വിട്ടത്. നിസാമുദ്ദീന്‍-എറണാകുളം തുരന്തോ സൂറത്തില്‍നിന്ന് ജല്‍ഗാവ്-കട്പാടിവഴിയാണ് ഓടിയത്. തിരുവനന്തപുരത്തുനിന്നു മുംബൈയിലേക്കുള്ള പ്രതിവാരവണ്ടി ദൗണ്ടില്‍ യാത്ര അവസാനിപ്പിച്ചു. പുണെയില്‍നിന്ന് എറണാകുളത്തേക്കുള്ള വണ്ടി ഞായറാഴ്ച റദ്ദാക്കി.
മുംബൈയില്‍ 24 മണിക്കൂറില്‍ പെയ്തത് 204 മില്ലീമീറ്റര്‍ മഴയാണ്. താനെയിലും നവിമുംബൈയിലും ലഭിച്ചത് 250 മില്ലീമീറ്ററിലധികം മഴയാണ്. താനെ, പാല്‍ഘര്‍ ജില്ലകളിലും പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
ഇന്നത്തെ മൂന്നു വണ്ടികള്‍ റദ്ദാക്കി













