ആദ്യ ട്വന്റി-20യില്‍ ഇന്ത്യ നാല്‌വിക്കറ്റിന്‌ കഷ്ടിച്ച്‌ ജയിച്ചു


ഫ്ലോറിഡ: അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്ത്‌ നവ്ദീപ് സെയ്‌നി മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ അമേരിക്കയില്‍ ഇന്ത്യന്‍ വെന്നിക്കൊടി. ലോകകപ്പിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ ആദ്യ ട്വന്റി-20 ക്രിക്കറ്റില്‍ വിന്‍ഡീസിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു. സ്‌കോര്‍: വിന്‍ഡീസ് 20 ഓവറില്‍ ഒമ്ബതിന് 95; ഇന്ത്യ 17.2 ഓവറില്‍ ആറിന് 98. പരമ്ബരയിലെ രണ്ടാം മത്സരം ഞായറാഴ്ച ഇതേ ഗ്രൗണ്ടില്‍ നടക്കും.മൂന്ന് വിക്കറ്റെടുത്ത സെയ്‌നിയും രണ്ടു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറുമാണ് വിന്‍ഡീസിനെ 95 റണ്‍സില്‍ പിടിച്ചുകെട്ടിയത്. 49 റണ്‍സെടുത്ത കീരണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസിനെ പൊരുതാവുന്ന ടോട്ടലിലെത്തിച്ചത്. 24 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.


96 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഓപ്പണര്‍ ശിഖര്‍ ധവാനെ (1) രണ്ടാം ഓവറില്‍ തന്നെ ഷെല്‍ഡണ്‍ കോട്രല്‍ മടക്കിയയച്ചു. രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും (24) വിരാട് കോലിയും (19) മുന്നോട്ട് നയിച്ചു. സ്‌കോര്‍ 32-ല്‍ നില്‍ക്കെ സുനില്‍ നരെയ്‌ന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച രോഹിതിനെ ലോങ് ഓണില്‍ പൊള്ളാര്‍ഡ് പിടിച്ചു. തൊട്ടടുത്ത പന്തില്‍ ഋഷഭ് പന്തും (0) അനാവശ്യ ഷോട്ടിലൂടെ പുറത്തായി. ഇതോടെ ഇന്ത്യ പ്രതിരോധത്തിലായി. നാലാം വിക്കറ്റില്‍ മനീഷ് പാണ്ഡെയും (19) കോലിയും 32 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്‌കോര്‍ 64ല്‍ നില്‍ക്കെ പാണ്ഡെയും 69ല്‍ നില്‍ക്കെ കോലിയും മടങ്ങിയതോടെ വിന്‍ഡീസ് മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍, ആറാം വിക്കറ്റില്‍ ഒരുമിച്ച ക്രുണാല്‍ പാണ്ഡ്യയും (12) രവീന്ദ്ര ജഡേജയും (10*) ജയത്തോളമെത്തിച്ചു. ജയിക്കാന്‍ എട്ട് റണ്‍സ് മാത്രം വേണ്ടിയിരിക്കേ ക്രുണാലിനെ കീമോ പോള്‍ ക്ലീന്‍ ബൗള്‍ഡാക്കി. അഞ്ച് ബോളില്‍ എട്ട് റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യയുടെ ജയമുറപ്പിച്ചത്.


ഫ്‌ളോറിഡയിലെ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തു. ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ ജോണ്‍ കാംപെലിനെ (0) പുറത്താക്കി വാഷിങ്‌ടണ്‍ സുന്ദര്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. പിന്നാലെ എവിന്‍ ലൂയിസിനെ (0) ഭുവനേശ്വര്‍ കുമാറും മടക്കി.മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നിക്കോളസ് പൂരാനും (20) പൊള്ളാര്‍ഡും ടീമിന്റെ സ്‌കോറുയര്‍ത്താനുള്ള ശ്രമം നടത്തി. എന്നാല്‍, അഞ്ചാം ഓവറില്‍ സെയ്‌നി വിന്‍ഡീസിന്റെ പ്രതീക്ഷ തകര്‍ത്തു. നാലാം പന്തില്‍ പൂരാനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച സെയ്‌നി അഞ്ചാം പന്തില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ (0) കുറ്റി തെറിപ്പിച്ചു. ആറാം വിക്കറ്റില്‍ ഒരുമിച്ച പൊള്ളാര്‍ഡും കാര്‍ലോസ് ബ്രാത് വൈറ്റും (9) ടീമിന്റെ രക്ഷാപ്രവര്‍ത്തനം നടത്തി. വിക്കറ്റുകള്‍ ഒരുഭാഗത്ത് വീഴുമ്ബോഴും പൊള്ളാര്‍ഡ് ടീമിനെ മുന്നോട്ട് നയിച്ചു. സെയ്‌നിയുടെ അവസാന ഓവറിന്റെ മൂന്നാം പന്തില്‍ അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍സകലെ പൊള്ളാര്‍ഡും വീണു.49 പന്ത് നേരിട്ട പൊള്ളാര്‍ഡ് രണ്ട് ഫോറും നാല് സിക്‌സുമടിച്ചു. സെയ്‌നിയുടെ അവസാന ഓവറില്‍ ഒരു റണ്‍ പോലും നേടാന്‍ വിന്‍ഡീസിനിയില്ല. ഒരു വിക്കറ്റ് കിട്ടുകയും ചെയ്തു.

സ്‌കോര്‍ബോര്‍ഡ്

വിന്‍ഡീസ്: കാംപെല്‍ സി പാണ്ഡ്യ ബി സുന്ദര്‍ 0, ലെവിസ് ബി ഭുവനേശ്വര്‍ 0, പൂരാന്‍ സി പന്ത് ബി സെയ്‌നി 20, പൊള്ളാര്‍ഡ് എല്‍.ബി. സെയ്‌നി 49, ഹെറ്റ്‌മെയര്‍ ബി സെയ്‌നി 0, പവല്‍ സി പന്ത് ബി ഖലീല്‍ 4, ബ്രാത്‌വൈറ്റ സി ആ്ന്‍ഡ് ബി പാണ്ഡ്യ 9, നരെയ്ന്‍ സി ഖലീല്‍ ബി ജഡേജ 2, പോള്‍ സി കോലി ബി ഭുവനേശ്വര്‍ 3, കോട്രെല്‍ നോട്ടൗട്ട് 0, തോമസ് നോട്ടൗട്ട് 0. എക്‌സ്ട്രാസ് 8. ആകെ 20 ഓവറില്‍ ഒമ്ബതിന് 95. വിക്കറ്റ് വീഴ്ച: 1-0, 2-8, 3-28, 4-28, 5-33, 6-67, 7-70, 8-88, 9-95. ബൗളിങ്: സുന്ദര്‍ 2-0-18-1, ഭുവനേശ്വര്‍ 4-0-19-2, സെയ്‌നി 4-1-17-3, ഖലീല്‍ 2-0-8-1, പാണ്ഡ്യ 4-1-20-1, ജഡേജ 4-1-13-1.

ഇന്ത്യ: രോഹിത് സി പൊള്ളാര്‍ഡ് ബി നരെയ്ന്‍ 24, ധവാന്‍ എല്‍ബി കോട്രെല്‍ 1, കോലി സി പൊള്ളാര്‍ഡ് ബി കോട്രെല്‍ 19, പന്ത് സി കോട്രെല്‍ ബി നരെയ്ന്‍ 0, മനീഷ് പാണ്ഡെ ബി പോള്‍ 19, ക്രുണാല്‍ പാണ്ഡ്യ ബി പോള്‍ 12, ജഡേജ നോട്ടൗട്ട് 10, വാഷിങ്ടണ്‍ സുന്ദര്‍ നോട്ടൗട്ട് 8, എക്‌സ്ട്രാസ് 5
ആകെ 17.2 ഓവറില്‍ ആറിന് 98 വിക്കറ്റ് വീഴ്ച: 1-4, 2-32, 3-32, 4-64, 5-69, 6-88 ബൗളിങ്: ഒഷെയ്ന്‍ തോമസ് 4-0-29-0, കോട്രെല്‍ 4-0-20-2, നരെയ്ന്‍ 4-0-14-2, പോള്‍ 3.2-0-23-2, ബ്രാത് വെയ്റ്റ് 2-0-12-0



Sharing is Caring