“കത്ത് വ്യാജമാണോ എന്നറിയില്ല”, അന്വേഷിച്ച് നടപടിയെടുക്കും: ആനാവൂര്‍ നാഗപ്പന്‍


തിരുവനന്തപുരം കോര്‍പറേഷനില്‍ താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക തേടിയ കത്ത് വ്യാജമാണോ എന്നറിയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. വസ്തുത പരിശോധിച്ച് ആവശ്യമായ നിലപാടെടുക്കും. മേയറും അന്വേഷിക്കട്ടെ. പാര്‍ട്ടിയില്‍ വിഭാഗീയതയെന്ന് സ്ഥാപിക്കേണ്ടത് മറ്റു ചിലരുടെ താല്‍പര്യമാണെന്നും പാര്‍ട്ടി എല്ലാകാര്യങ്ങളും പരിശോധിക്കുമെന്നും ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോടു പറഞ്ഞു.


ദുരൂഹതതാല്‍ക്കാലിക നിയമനങ്ങളിലേക്ക് പാര്‍ട്ടി കേഡര്‍മാരെ നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. പുറത്തുവന്ന കത്തിനെ അപ്പാടെ തള്ളിയാണ് പാര്‍ട്ടിക്ക് മേയര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. മേയര്‍ എന്ന നിലയില്‍ താന്‍ കത്ത് തയാറാക്കിയിട്ടില്ലെന്നും കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കുമെന്നും ആര്യ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.
ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പനെ ഫോണില്‍ വിളിച്ചാണു മേയര്‍ വിശദീകരണം നല്‍കിയത്. തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ചോദിച്ചുള്ള കത്താണ് പുറത്തുവന്നത്. വിഷയത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. മേയര്‍ ഒപ്പിട്ട കത്തുകള്‍ സിപിഎം ഓഫിസുകളിലുണ്ടാവുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.




Sharing is Caring