ഇന്ധന വില വര്‍ധനയിലും കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിവാദപ്രസ്താവനയിലും പ്രതിഷേധിച്ച് ടോയ്‌ലറ്റ് പ്രതിഷേധവുമായി കെഎസ്‌യു.
പെട്രോള്‍ വിലവര്‍ധന കക്കൂസ് നിര്‍മിക്കാനാണെന്ന പ്രസ്താവന നടത്തിയ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കെഎസ്‌യു മഹാരാജാസ് കോളജ് യൂണിറ്റ് കമ്മിറ്റി പ്രതീകാത്മകമായി കക്കൂസ് സമര്‍പ്പിച്ചു.
‘കണ്ണേട്ടനൊരു കക്കൂസ്’ എന്ന പേരിലായിരുന്നു പ്രതിഷേധ പ്രകടനം. മഹാരാജാസ് കോളേജില്‍ നിന്ന് പ്രകടനമായി ഗാന്ധിസ്‌ക്വയറിന് സമീപമുള്ള സപ്ലൈകോ പമ്പിന് മുന്നിലെത്തി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി കേരളത്തില്‍ നിന്നുള്ള ആദ്യ കക്കൂസ് കൈമാറി.
കെ എസ് യു മുന്‍ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്തു. കണ്ണന്താനത്തിന്റെ പ്രസ്താവന ജനങ്ങളെ അപഹസിക്കുന്നതാണെന്നും കാറുള്ളവര്‍ക്ക് മാത്രമാണ് ഇന്ധന വില വര്‍ദ്ധനവില്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നതെന്ന വാദം ശുദ്ധ മണ്ടത്തരമാണെന്നും ടിറ്റോ കുറ്റപ്പെടുത്തി.
മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡണ്ട് എല്‍ എസ് തേജസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക് സെക്രട്ടറി കെ സേതുരാജ്, ഹബീബ് റഹ്മാന്‍, ജിബിന്‍ ബാബു, അനീഷ് കെ എച്ച്, ബിച്ചു, ആതിര സന്തോഷ്, എസ് നീലിമ, ജോസ് ഫെലിക്‌സ്, നീല്‍ ഹര്‍ഷല്‍, മരിയ, ഷഹാന, പ്രിയ പ്രവീണ്‍, വിനു ആര്‍, വനീഷ് വാസു, ടി ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.













