കണ്ണൂരില്‍ വീണ്ടും ആര്‍‌‌എസ്‌‌എസ് നരനായാട്ട്; പാല്‍ സൊസൈറ്റി ജീവനക്കാരനെ വെട്ടിനുറുക്കി

കണ്ണൂരില്‍ വീണ്ടും അക്രമം. പാനൂര്‍ കുറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടീന്റവിട ചന്ദ്രനാണ് വെട്ടേറ്റത്. വെട്ടേറ്റ് രണ്ട് കാലുകളും അറ്റ് തൂങ്ങിയ നിലയിലാണ്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. പുലര്‍ച്ചെയാണ് മൊകേരി ക്ഷീരോല്‍പാദന സഹകരണ സംഘം ജീവനക്കാരന്‍ കൂടിയായ ചന്ദ്രനെ ഒരു സംഘം ആക്രമിച്ചത്. പാല്‍ വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. മഴു ഉപയോഗിച്ചാണ് അക്രമികള്‍ ചന്ദ്രന്റെ ഇരുകാലുകളും വെട്ടിയത്. കാലുകള്‍ അറ്റ് തൂങ്ങിയ നിലയില്‍ പോലീസാണ് ചന്ദ്രനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കണ്ണൂരില്‍ സമാധാനം സ്ഥാപിക്കുന്നതിന് വേണ്ടി സര്‍വ്വകക്ഷി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് വീണ്ടും അക്രമമുണ്ടായിരിക്കുന്നത്. കളക്ടര്‍ മീര്‍ മുഹമ്മദിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ സമാധാനമുറപ്പാക്കാനുള്ള എല്ലാ പിന്തുണയും സിപിഎമ്മും ബിജെപിയും നല്‍കിയിരുന്നു. പ്രകോപനപരമായ പ്രസംഗങ്ങളും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രകോപനപരമായ പരാമര്‍ശങ്ങളും ഒഴിവാക്കാന്‍ യോഗത്തില്‍ ധാരണയായിരുന്നു.

കഴിഞ്ഞ ദിവസം മട്ടന്നൂരിലും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. കെടി സുധീര്‍ കുമാര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് മട്ടന്നൂര്‍, ഇരട്ടി നഗരസഭകളിലടക്കം സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീകാര്യത്തും സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍എസ് ഷാജുവാണ് ആക്രമിക്കപ്പെട്ടത്. ഇടവക്കോട് ജംഗ്ഷനില്‍ വെച്ച് ബൈക്കിലെത്തിയ സംഘമാണ് ഷാജുവിനെ വെട്ടിയത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപിച്ച സിപിഎം ശ്രീകാര്യം, പഴയ ഉള്ളൂര്‍ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *