ലാദന്‍ അഫ്ഗാനിസ്ഥാനിലേക്ക് താവളം മാറ്റിയത് ബേനസീര്‍ ഭൂട്ടോയെ വധിക്കാന്‍


അല്‍ ക്വഇദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനിലേക്ക് താവളം മാറ്റിയത് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം ആസൂത്രണം ചെയ്യാനിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ബേനസീറിന് പുറമെ പാക് പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫിനെയും വധിക്കാന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പാക് മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.


2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയിലെ ലിയാഗത്ത്ഭാഗില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ബേനസീര്‍ വെടിയേറ്റ് മരിച്ചത്. അതിശക്തമായ ബോംബ് സ്ഫോടനവും റാലിക്ക് നേരെയുണ്ടായിരുന്നു. ബേനസീര്‍ കൊല്ലപ്പെട്ട് പത്ത് വര്‍ഷം തികയുമ്ബോഴാണ് ആക്രമണത്തെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.


ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിന്‍ ലാദനായിരുന്നുവെന്ന് സര്‍വീസ് ഇന്റലിജന്‍സ് വിഭാഗം പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നേരത്തെ കെെമാറിയിരുന്നു. ബേനസീറിന് പുറമെ മുഷറഫ്, ജാമിയത്ത് ഉലമ- ഇ- ഇസ്ലാം- ഫാസ്ല്‍ തലവന്‍ ഫസ്ലുര്‍ റഹ്മാനെയും കൊലപ്പെടുത്താന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അടിയന്തിരമായി സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.



Sharing is Caring