കണ്ണൂരിലെ സി.പി.എം തേര്‍വാഴ്ച്ചയില്‍ ജനം സഹികെട്ടു: പി.കെ കുഞ്ഞാലിക്കുട്ടി

കണ്ണൂരിലെ സി.പി.എം തേര്‍വാഴ്ചയില്‍ ജനം സഹികെടുകയാണെന്നും അവിടെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ സംസ്ഥാനത്തെ ജനങ്ങളെ ദുഃഖത്തിലാഴ്ത്തുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കാസര്‍ക്കോട് ബദിയടുക്കയില്‍ നടക്കുന്ന മുസ്‌ലിം ലീഗ് മലയോര സമ്മേളന ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടിയെത്തിയ കുഞ്ഞാലിക്കുട്ടി കാസര്‍കോട്ട് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

കണ്ണൂരിലെ സംഭവവികാസങ്ങള്‍ ഏറെ ദുഃഖകരമാണ്. കൊലപാതക രാഷ്ട്രീയത്തിന് കേരളത്തില്‍ അറുതിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ, സംസ്ഥാന തലങ്ങളില്‍ മുസ്‌ലിം ലീഗ് വരുന്ന ഒരു വര്‍ഷം ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഒരുക്കങ്ങള്‍ നടന്നുവരുകയാണ്. ഇതുമായി ബന്ധപ്പെട്ടു ദേശീയ സമിതിയോഗം കേരളത്തില്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെടെ പിന്തുണക്കുന്ന ഡി.എം.കെ മുന്നണി ശക്തി പ്രാപിക്കുന്നുണ്ടെന്നും ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള സൗത്ത് ഇന്ത്യയില്‍ ബി.ജെ.പിയുടെ ഗ്രാഫ് താഴുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാധാരണക്കാരെയും കര്‍ഷകരെയും ദ്രോഹിക്കുകയും വന്‍കിടക്കാര്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ നയം രാജ്യത്ത് ഇവര്‍ക്കെതിരെ ശക്തമായ വികാരമാണ് ഉണ്ടാക്കിയിട്ടുള്ളത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.പി.എ നേതൃത്വത്തിലുള്ള സഖ്യം രാജ്യം ഭരിക്കാനുള്ള സാധ്യത കൂടുതലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധി വളരെ ആത്മവിശ്വാസമുള്ള നേതാവാണെന്നും അദ്ദേഹത്തിന്റെ ജനസമ്മിതി ദിനേന കൂടി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഉദാഹരണമാണ് വടക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരെഞ്ഞെടുപ്പുകളിലെ ഫലമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് നില കൂടുതല്‍ മെച്ചപ്പെടുത്തും.

കേരളത്തിലും ഭരണ വിരുദ്ധ വികാരം ശക്തമാണ്. ബാര്‍ കോഴക്കേസില്‍ ഇടതുപക്ഷം മദ്യമുതലാളിമാരുമായി ഒത്തുകളിച്ചു രാഷ്ട്രീയനാടകം നടത്തിയത് ഇപ്പോള്‍ പകല്‍ വെളിച്ചം പോലെ വ്യക്തമായെന്നും കോഴ ആരോപണം ഉന്നയിച്ചു പരാതി നല്‍കിയവര്‍ തന്നെ ഇത് തിരിച്ചു പറഞ്ഞത് കാരണം മാണിക്കെതിരെ യാതൊരുവിധ തെളിവുകളും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മാണി യു.ഡി.എഫില്‍ വരുന്നത് തീരുമാനിക്കേണ്ടത് മാണിയുടെ പാര്‍ട്ടിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദേശീയ തലത്തില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തങ്ങള്‍ നടത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുമ്പോള്‍ സി.പി.എം ഇതിനെതിരാണ്. അതേ സമയം യു.പി.എയുടെ ഭാഗമല്ലാത്ത ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദേശീയ തലത്തില്‍ വിശാല സഖ്യത്തെ പിന്തുണക്കുമ്പോള്‍ സി.പി.എം ഇതിനെ അംഗീകരിക്കാന്‍ തയ്യാറാകാത്തത് യു.പി.എയുടെ നയമാണെങ്കില്‍ യു.പി.എ തിരുത്തേണ്ട നയം ഏതാണെന്നു കൂടി അവര്‍ വ്യക്തമാക്കണം. മതേതര കൂട്ടായ്മക്ക് രാജ്യം കാതോര്‍ക്കുമ്പോള്‍ സി.പി.എം സ്വീകരിക്കുന്ന നിലപാടിന് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹിമാന്‍, ടി.ഇ അബ്ദുല്ല തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *