കടയില്‍ കയറാന്‍ ക്ഷണക്കത്ത് വേണം, അച്ചടിക്കാനുള്ള കട തുറക്കില്ല; അന്തംവിട്ട് ജനം

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ വ്യാപക ആശയക്കുഴപ്പമെന്ന് പരാതി. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി ചെരിപ്പ്കട, ജ്വല്ലറി, വസ്ത്രവ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആഴ്ചയിൽ മൂന്ന് ദിവസം തുറക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ വിവാഹ ക്ഷണക്കത്ത് ഉള്ളവരെ മാത്രമേ കടയിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്നാണ് സർക്കാരിന്റെ ഉത്തരവ്.

ഈ ഉത്തരവിനെത്തുടർന്ന് ആകെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ജനങ്ങളും സ്ഥാപന ഉടമകളും. വിവാഹത്തിൽ പങ്കെടുക്കാൻ ആകെ 20 പേർക്ക് മാത്രമെ അനുമതിയുള്ളൂ. അടുത്ത ബന്ധുക്കൾ മാത്രമാകും ഇത്തരത്തിൽ പങ്കെടുക്കുന്നത്. ഇതിനായി ആരും കത്തടിക്കാറുമില്ല. ഇനി പേരിന് കത്തടിക്കാൻ തീരുമാനിച്ച് കടയിലേക്ക് ചെന്നാൽ നിരാശരായി മടങ്ങേണ്ടി വരും. അച്ചടി സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയില്ല. പിന്നെ ഏത് ക്ഷണക്കത്തുമായി ചെല്ലുമെന്നാണ് ജനം ചോദിക്കുന്നത്.

വിവാഹത്തിൽ പങ്കെടുക്കുന്ന എണ്ണപ്പെട്ട ആളുകൾക്ക് വേണ്ടി കത്തടിക്കാൻ ഇക്കണ്ട കടകളെല്ലാം തൊഴിലാളികളേയും വിളിച്ച് തുറന്നുവെക്കുന്നതിന് എന്തിനാണെന്ന് കടയുടമകളും ചോദിക്കുന്നു.

വാഹനങ്ങളുടെ സ്പെയർപാർട്സ് വിൽക്കുന്ന കടകൾക്ക് ഒരു ദിവസവും വർക്ക്ഷോപ്പുകൾ മറ്റൊരു ദിവസവുമാണ് തുറക്കാൻ അനുമതിയെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്ന മറ്റൊരു വിചിത്ര നിർദേശം.

സ്റ്റേഷനറി കടകൾ തുറക്കാൻ പാടില്ല എന്നാണ് മറ്റൊരു നിർദേശം. എന്നാൽ ചില സ്റ്റേഷനറി കടകളിൽ പല വ്യഞ്ജനങ്ങളും വിൽക്കുന്നുണ്ട്. ഈ കടകൾ തുറക്കുന്നത് സംബന്ധിച്ച അവ്യക്തതയും നിലനിൽക്കുകയാണ്.

തിങ്കളാഴ്ചയാണ് സർക്കാർ ഈ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. എന്നാൽ അന്നുമുതൽ തന്നെ അവ്യക്തകളും വിചിത്ര നിർദേശങ്ങളും നിരവധിപേർ ചൂണ്ടികാണിച്ചിട്ടുണ്ടെങ്കിലും ഒരു വ്യക്തവരുത്താൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *