ആശുപത്രിയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് കേസ് പ്രതികള്‍ പിടിയില്‍

കാസര്‍കോട് : കൊവിഡ് ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്ന ആശുപത്രിയില്‍ നിന്ന് ചാടിപ്പോയ രണ്ട് കഞ്ചാവ് കേസ്‌ പ്രതികളെ പൊലീസ് പിടികൂടി. രാജപുരം ചുള്ളിക്കരയില്‍ വച്ചാണ് കഴിഞ്ഞ രാത്രി 10 മണിയോടെ സി.ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

കുമ്ബള പൊലീസ് കഴിഞ്ഞ ദിവസം ആറു കിലോ കഞ്ചാവുമായി പിടികൂടിയ തലശ്ശേരി മുഴപ്പിലങ്ങാട് സ്വദേശി അര്‍ഷാദ് (23), ധര്‍മ്മടം സ്വദേശി സല്‍മാന്‍ (28) എന്നിവരാണ് ബുധനാഴ്ച രാത്രി ഏഴ്‌ മണിയോടെ രക്ഷപ്പെടാന്‍ ശ്രമിച്ചത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ ജയില്‍ അധികൃതര്‍ രാജപുരം പൂടംകല്ല് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ ടോയ്‌ലറ്റിന്റെ ജനല്‍ ഇളക്കിമാറ്റിയാണ് ഇരുവരും ആശുപത്രിയില്‍ നിന്ന് ചാടിയത്. പക്ഷെ രാത്രി വാഹനങ്ങളൊന്നും കിട്ടാതിരിക്കുകയും സ്ഥലം പരിചയമില്ലാത്തതിനാലും കൂടുതല്‍ ദൂരം പോകാന്‍ കഴിഞ്ഞില്ല.

വിവരം അറിഞ്ഞു പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടയില്‍ ആണ് ഇരുവരും ചുള്ളിക്കരയില്‍ ഒളിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞത്. പ്രതികള്‍ രക്ഷപ്പെട്ട വിവരം വാട്സ്‌ആപ് വഴി അറിഞ്ഞ നാട്ടുകാര്‍ ഇവരെ വളഞ്ഞുവെച്ചിരുന്നു. പ്രതികളെ പൊലീസ് വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *