ഓർമ്മകൾ ഉണ്ടായിരിക്കട്ടെ……..

premamയു.ഹരീഷ്

പറയാത്ത ഇഷ്ടങ്ങളും പറഞ്ഞ ഇഷ്ടങ്ങളും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു നൊസ്റ്റാൾജിയ കാലമായി പ്രേമം മാറുകയാണ്. ആരോരുമറിയാതെ സൂക്ഷിച്ച പ്രണയത്തിൻ മഴയായി ഈ സിനിമ ഇടനെഞ്ചിനുള്ളിലേക്ക്……..അതിന്,അൽഫോൺസ് പുത്രന് നന്ദി. ഒപ്പം അഭിനന്ദനവും. ആദ്യ സംരംഭമായ വിജയ ചിത്രം നേരത്തിൽ സമയമായിരുന്നു കഥയെ നിയന്ത്രിച്ചതെങ്കിൽ, പ്രേമത്തിൽ കാലമാണ്. നിവിൻ പോളിയെന്ന യുവതാരത്തിലൂടെ മൂന്നു കാലത്തിലേക്ക് കാമറ തിരിച്ചുവെച്ചു. ആ വൈവിധ്യ വേഷപ്പകർച്ചയിൽ നിവിൻ ശരിക്കും വിസ്മയിപ്പിച്ചു. നിവിൻ നിനക്ക് മാത്രമായി തീയറ്ററിൽ ഉയരുന്ന കയ്യടികൾ മികവിനുള്ളതാണ്. ഇഷ്ടം കൂടിവരുന്നു ഈ ചെറുപ്പക്കാരനോട്. ഒപ്പം പ്രതീക്ഷയും. മൂന്നു കാലത്തിലെ മൂന്നു പ്രണയം. മൂന്ന് നായികമാർ. മൂവരും കഥയോട് ഒരുപോലെ നീതിപുലർത്തി, അഭിനയപ്രകടനം കൊണ്ട്. പക്ഷേ സിനിമാകൊട്ടകയിൽ നിന്ന് ഇറങ്ങുന്നവരുടെ ഇടനെഞ്ചിലേക്ക് നടന്നുകയറിയത് ജോ‍ർജിൻറെയും മലരിൻറെയും പറയാത്ത പ്രേമമായിരുന്നു. ചില ഇഷ്ടങ്ങൾ അങ്ങനെയാണ് പറയാതെയറിയാതെ ഇടയ്ക്കെപ്പോഴോ വഴിപിരിയും. വിങ്ങലായി. ആ ഫീൽ കണ്ടിരിക്കുന്ന ആസ്വാദകരിലേക്ക് പകരുന്നിടത്ത് അൽഫോൺസും പ്രേമവും വാണിജ്യമൂല്യവും കലാമൂല്യവുമുള്ള വിജയ ചേരുവയായി മാറുന്നു. മലരായി മാറിയ സായി പല്ലവി ഇനി മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറിയേക്കാം. ആസ്വാദകരുടെ മനസിലേക്ക് മലർ അത്രയ്ക്ക് പറന്നിറങ്ങിയിട്ടുണ്ട്. പ്രേമത്തിൻറെയും സൗഹൃദത്തിൻറെയും സത്യസന്ധതയിലൂടെയുള്ള ഈ സിനിമായാത്ര മടുപ്പിക്കുന്നില്ല. സ്ക്രീനിൽ രണ്ടേമുക്കാൽ മണിക്കൂറോളം പെയ്തിറങ്ങിയ പ്രേമക്കാഴ്ചയിൽ, സൗഹൃദക്കാഴ്ചയിൽ അലിഞ്ഞിരിക്കാം. ഉറപ്പ്. നിവിൻറെയും ഒപ്പം ചേർന്ന പേരറിയാത്ത ഒരു പറ്റം നവാഗത അഭിനേതാക്കൾക്കും നല്ല പാട്ടൊരുക്കിയവർക്കും മികവാർന്ന കാമറക്കണ്ണുകൾക്കും നിർമ്മാതാവായ അൻവർ റഷീദിനും സലാം. അതെ, പ്രേമം കണ്ടിറങ്ങുമ്പോൾ ഒന്നു പിറകിലേക്ക് സൈക്കിളുമായി കൂട്ടൂകാരുമൊത്ത് തിരികെ പോകാം തോന്നിയേക്കും. പഴയകാലത്തിലേക്ക്……..ഓർമ്മകൾ ഉണ്ടായിരിക്കട്ടെ……..

Spread the love

Leave a Reply

Your email address will not be published. Required fields are marked *