ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: മുറെ, ഫെഡറര്‍, കെര്‍ബര്‍ മുന്നോട്ട്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ മുന്‍നിരക്കാര്‍ക്ക് മുന്നേറ്റം. പുരുഷ, വനിതാ വിഭാഗങ്ങളിലെ ഒന്നാം നമ്പര്‍ ആന്‍ഡി മുറെ, ആഞ്ജലീന കെര്‍ബര്‍, മുന്‍ ചാമ്പ്യന്മാര്‍ റോജര്‍ ഫെഡറര്‍, വീനസ് വില്യംസ്, പുരുഷന്മാരിലെ നാലാം സീഡ് സ്റ്റാനിസ്ലസ് വാവ്‌റിങ്ക, അഞ്ചാം സീഡ് കെയ് നിഷികോരി എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. അതേസമയം, വനിതകളിലെ നാലാം സീഡ് റൊമാനിയയുടെ സിമോണ ഹലെപ്പിന് തോല്‍വി.

ആന്‍ഡി മുറെ ഉക്രെയ്‌നിന്റെ സീഡില്ലാ താരം ഇല്യ മാര്‍ചെങ്കൊയെയെ തുടര്‍ച്ചയായ സെറ്റില്‍ തുരത്തി, സ്‌കോര്‍: 7-5, 7-6, 6-2. വനിതകളിലെ ഒന്നാം സീഡ് ആഞ്ജലീന കെര്‍ബര്‍ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഉക്രെയിനിന്റെ ലെസിയ സുരെങ്കൊയെ കീഴടക്കിയത്, സ്‌കോര്‍: 6-2, 5-7, 6-2. യുഎസിന്റെ ഷെല്‍ബി റോജേഴ്‌സിനോട് പൊരുതാനാകാതെ കീഴടങ്ങി സിമോണ, സ്‌കോര്‍: 6-3, 6-1.

പുരുഷന്മാരില്‍ റോജര്‍ ഫെഡറര്‍ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ ഓസ്ട്രിയയുടെ യുര്‍ഗന്‍ മെല്‍സറെ മറികടന്നു, സ്‌കോര്‍: 7-5, 3-6, 6-2, 6-2. രണ്ടാം റൗണ്ടിലെത്താന്‍ വാവ്‌റിങ്കയ്ക്ക് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വന്നു. അഞ്ചു സെറ്റിലാണ് സ്ലൊവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസാന്റെ വെല്ലുവിളി സ്വിസ് താരം അതിജീവിച്ചത്, സ്‌കോര്‍: 4-6, 6-4, 7-5, 4-6, 6-4. ജപ്പാന്റെ കെയ് നിഷികോരി റഷ്യയുടെ ആന്ദ്രെ കുസ്‌നെട്‌സോവിനെയാണ് വീഴ്ത്തിയത്, സ്‌കോര്‍: 5-7, 6-1, 6-4, 6-7, 6-2. മുന്‍ ചാമ്പ്യന്‍ വീനസ് വില്യംസ് ഉക്രെയിനിന്റെ കത്രീന കൊസ്ലൊവയെ തോല്‍പ്പിച്ചു,

സ്‌കോര്‍: 7-6, 7-5.

പുരുഷന്മാരില്‍ ഏഴാം സീഡ് മരിയന്‍ സിലിച്ച്, 10ാം സീഡ് തോമസ് ബെര്‍ഡിച്ച്, 12ാം സീഡ് ജോ വില്‍ഫ്രഡ് സോംഗ, 14ാം സീഡ് നിക്ക് കിര്‍ഗോയിസ്, 19ാം സീഡ് ജോണ്‍ ഇസ്‌നര്‍, 23ാം സീഡ് ജാക്ക് സോക്ക്, 27ാം സീഡ് ബെര്‍ണാഡ് ടോമിക്ക്, 29ാം സീഡ് വിക്ടര്‍ ട്രോയിക്കി, 30ാം സീഡ് സാം ക്വയറി, ജെര്‍മി ചാര്‍ഡി, ആന്ദ്രെ സെപ്പി തുടങ്ങിയവരും മുന്നേറി.

വനിതകളില്‍ ഏഴാം സീഡ് ഗബ്രൈന്‍ മുഗുരുസ, എട്ടാം സീഡ് സ്വെറ്റ്‌ലാന കുസ്‌നെട്‌സോവ, 10ാം സീഡ് കാര്‍ലൊ സുവാരസ് നവാരൊ, 12ാം സീഡ് എലിന സ്വിറ്റൊലിന, യൂജിന്‍ ബൗച്ചാര്‍ഡ്, യെലേന യാങ്കൊവിച്ച്, ക്രിസ്റ്റിന പ്ലിസ്‌കോവ തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി.
പുരുഷന്മാരിലെ രണ്ടാം നമ്പര്‍ നൊവാക് ദ്യോകൊവിച്ച്, മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍, വനിതകളിലെ രണ്ടാം നമ്പര്‍ സെറീന വില്യംസ് എന്നിവര്‍ ആദ്യ റൗണ്ട് പോരാട്ടത്തിന് ഇന്നിറങ്ങും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *