ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലക്ഷ്യ സെന്നിനെ വീഴ്ത്തി ലിന്‍ ചുന്‍-യിക്ക് കിരീടം


ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലക്ഷ്യ സെന്നിന്റെ സ്വപ്നതുല്യമായ മുന്നേറ്റത്തിന് വിരാമം.ഞായറാഴ്ച ബെര്‍മിങ്ഹാമില്‍ നടന്ന ഫൈനലില്‍ ചൈനീസ് തായ്പേയ് താരമായ ലിന്‍ ചുന്‍-യിയോട് ലക്ഷ്യ സെന്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് (15-21, 20-22) പരാജയപ്പെട്ടു.ആദ്യ ഗെയിമില്‍ തന്നെ ലിന്‍ ചുന്‍-യി മികച്ച ലീഡ് നേടിയിരുന്നു. ലക്ഷ്യ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും, അദ്ദേഹത്തിന്റെ ക്ഷീണം വ്യക്തമായി പ്രകടമായിരുന്നു.


15-21 എന്ന സ്‌കോറിന് ആദ്യ ഗെയിം തായ്പേയ് താരം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ലക്ഷ്യ സെന്‍ മികച്ച ഫോമിലായിരുന്നു. ഗെയിമിലുടനീളം ആധിപത്യം പുലര്‍ത്തുകയും ലീഡ് നിലനിര്‍ത്തുകയും ചെയ്‌തെങ്കിലും, നിര്‍ണായക നിമിഷങ്ങളില്‍ ലിന്‍ ചുന്‍-യി തിരിച്ചടിച്ചു. ഒടുവില്‍ 20-22 എന്ന സ്‌കോറിന് രണ്ടാമത്തെ ഗെയിമും നേടി ലിന്‍ ചുന്‍-യി കിരീടത്തില്‍ മുത്തമിട്ടു.സെമിഫൈനലില്‍ കാനഡയുടെ വിക്ടര്‍ ലായിയെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെന്‍ ഫൈനലിലെത്തിയത്.


മറുവശത്ത്, തായ്ലന്‍ഡിന്റെ ലോക രണ്ടാം നമ്ബര്‍ താരം കുന്‍ലാവുത് വിതിദര്‍ണിനെ 21-14, 18-21, 21-16 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ലിന്‍ ചുന്‍-യി ഫൈനല്‍ ഉറപ്പിച്ചത്. ടൂര്‍ണമെന്റിലെ ഒന്നാം സീഡും നിലവിലെ ചാമ്ബ്യനുമായ ഷി യുഖിയെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താക്കിയത് ലക്ഷ്യ സെന്നായിരുന്നു. അതേസമയം, ഡെന്‍മാര്‍ക്കിന്റെ രണ്ടാം സീഡ് ആന്‍ഡേഴ്‌സ് ആന്റണ്‍സണും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.



Sharing is Caring