ഓണത്തിന് വിഷമില്ലാത്ത പച്ചക്കറി; സിപിഎം 1200 ഏക്കറില്‍ കൃഷിയിറക്കുന്നു

ഓണത്തിന് ഓരോ വീട്ടിലും വിഷമില്ലാത്ത പച്ചക്കറിയെത്തിക്കാന്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 1200 ഏക്കറില്‍ കൃഷിയിറക്കുന്നു.
ഒരുവീട്ടില്‍ ഒരു കുട്ട പച്ചക്കറി എന്നലക്ഷ്യത്തോടെ കൃഷിയിറക്കുന്നതിന് ആലപ്പുഴ ജില്ലാതല ജൈവ കാര്‍ഷിക സമിതി യോഗം തീരുമാനിച്ചു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 148 ഫാര്‍മേഴ്‌സ് ക്ലബുകള്‍, സഹകരണ സംഘങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുക.
സെപ്തംബര്‍ ഒന്നുമുതല്‍ ലോക്കല്‍ തലങ്ങളില്‍ വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കും. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കി ഉപഭോക്താവിന് ഗുണനിലവാരമുള്ള പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും. ലോക്കല്‍ തലങ്ങളില്‍ കര്‍ഷക യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു.
ജില്ലയില്‍ ആലപ്പുഴ പ്രൈവറ്റ് ബസ്സ്റ്റാന്റിന് സമീപം സ്ഥിരമായ വിപണന കേന്ദ്രം അഡ്‌കോസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ഏരിയകളില്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള ജൈവപച്ചക്കറി സംഭരണ സംഘത്തിന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന സംഭരണ വിതരണം താമസിയാതെ ആരംഭിക്കും.
പി കൃഷ്ണപിള്ള സ്മാരകത്തില്‍ ചേര്‍ന്ന യോഗം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. വി ജി മോഹനന്‍ അധ്യക്ഷനായി. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി ജി ഹരിശങ്കര്‍ സ്വാഗതം പറഞ്ഞു. ശ്രീകുമാര്‍ ഉണ്ണിത്താന്‍, കെ എച്ച് ബാബുജാന്‍, ശ്രീകുമാരന്‍ തമ്ബി, അഡ്വ. ഡി പ്രിയേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *