ഓണക്കാലത്ത് വിലവര്‍ധന തടയാന്‍ വിപുലമായ പദ്ധതി; സപ്ളൈകോയ്‌ക്ക് 81.42 കോടി നല്‍കും: മുഖ്യമന്ത്രി

ഓണക്കാലത്ത് പൊതുവിപണിയിലെ വിലകയറ്റവും കരിച്ചന്തയും പൂഴ്‌ത്തി‌വയ്പ്പും തടയാനും കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണക്കാലത്ത് ഓണച്ചന്തകള്‍ തുടങ്ങുവാനും വിപണി ഇടപെടല്‍ നടത്തുവാനുമായി സപ്ളൈകോയ്ക്ക് 81.42 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റില്‍ വിപണി ഇടപെടലിനായി നീക്കി വച്ചിരുന്ന 150 കോടി രൂപയില്‍ നിന്നാണ് ഇത്. ഇതില്‍ ഓണം ഫെയര്‍ നടത്താന്‍ 4.60 കോടി രൂപയും, വിപണി ഇടപെടലിന് 45 കോടിയും, ബിപിഎല്‍ കിറ്റിന് 8.76 കോടിയും, സ്പെഷ്യല്‍ പഞ്ചസാര വിതരണത്തിന് 13.60 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഓണത്തിനോടനുബന്ധിച്ച് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സപ്ളൈകോ ഓണം ഫെയര്‍ സംഘടിപ്പിക്കും. മാവേലി സ്റ്റോര്‍ ഇല്ലാത്ത 38 പഞ്ചായത്തുകളില്‍ ഓണം മിനി ഫെയര്‍ സംഘടിപ്പിക്കും. 56 പ്രത്യേക ഓണചന്തകള്‍ അടക്കം 1464 ഓണചന്തകള്‍ സര്‍ക്കാര്‍ ഇക്കൊല്ലം നടത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു. എല്ലാ സപ്ളൈകോ ഔട്ട്ലെറ്റിലും ഓണം മിനിഫെയര്‍ ആരംഭിക്കും. മന്ത്രിസഭായോഗത്തിന് ശേഷം തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിന്റെ ഓണച്ചന്തകള്‍ക്ക് പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഓണച്ചന്തകള്‍ നടത്താന്‍ സ്ഥലം വിട്ട് നല്‍കുകയും ചെയ്യും. സംസ്ഥാനത്തെ സ്കൂള്‍കുട്ടികള്‍ക്ക് ഓണക്കാലത്ത് എംഡിഎംഎസ് പദ്ധതി പ്രകാരം അഞ്ച് കിലോ അരി വീതം നല്‍കും. എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലത്ത് എപിഎല്‍ കുടുംബങ്ങള്‍ക്ക് രണ്ട് കിലോ അരി കൂടുതലായി വിതരണം ചെയ്യും. ഇപ്പോള്‍ നല്‍കുന്ന എട്ട് കിലോയ്ക്ക് പുറമെ ആയിരിക്കും ഇത്. 6025 മെട്രിക്ക് ടണ്‍ അരിയാണ് ഇതിനായി ആവശ്യം വരിക.

വിപണിയിലെ കരിചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ താലൂക്ക് – ജില്ലാ–സംസ്ഥാന അടിസ്ഥാനത്തില്‍ പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിക്കും. പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ഫോണ്‍ നമ്പര്‍ സംവിധാനവും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലത്ത് പാചകവാതക ലഭ്യത ഉറപ്പാക്കാന്‍ എണ്ണക്കമ്പനികളുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തും. ഓണകാലത്തോടുനബന്ധിച്ച് സംസ്ഥാനത്ത് 1350 പച്ചക്കറി ചന്തകള്‍ പ്രത്യേകമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൃഷിവകുപ്പ്,ഹോര്‍ട്ടികോര്‍പ്പ്, തുടങ്ങിയവയുടെ നേതൃത്വത്തിലായിരിക്കും ചന്തകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *