പത്തനംതിട്ട: കാറ്റുകളുടെ പട്ടികയിലേക്ക് ലുബാന്‍. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാലുള്ള കാറ്റിന് ലുബാന്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഓഖി സഞ്ചരിച്ച അതേ വഴിയിലൂടെയാവും ലുബാനും വരിക. ദക്ഷിണ കേരളത്തില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുന്നു. വടക്കന്‍ കേരളത്തില്‍ അല്‍പ്പം ശക്തി കുറയും.കാറ്റുകളുടെ പട്ടികയിലേക്ക് 53ാമതായി ഒമാന്‍ നല്‍കിയ പേരാണിത്. കന്യാകുമാരിക്കും രാമേശ്വരത്തെ മന്നാര്‍ ഉള്‍ക്കടലിലും മധ്യേയാണ് ന്യൂനമര്‍ദത്തിന്റെ ഈറ്റില്ലം.
സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത നല്‍കി ന്യൂനമര്‍ദം വെള്ളിയാഴ്ച ലക്ഷദ്വീപിനു സമീപം രൂപമെടുക്കും. ലക്ഷദ്വീപിനു സമീപം 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാനും സാധ്യയുണ്ട്. ചുഴലിക്കാറ്റായി മാറിയാല്‍ ഒമാന്‍ തീരത്തേക്കു നീങ്ങാനാണു സാധ്യത. മത്സ്യത്തൊഴിലാളികള്‍ ഇന്നു തന്നെ തീരത്തു മടങ്ങിയെത്തണമെന്നു കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു. ഏഴിനു കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശവുമുണ്ട്. മിക്ക ജില്ലകളിലും അഞ്ചു മുതല്‍ ഏഴു വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളില്‍ നാലിന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകും. ഇടുക്കിയില്‍ നാലു മുതല്‍ ആറു വരെ തീയതികളിലും തൃശൂരും പാലക്കാടും ആറിനും പത്തനംതിട്ടയില്‍ ഏഴിനും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 129.10 അടിയായി ഉയര്‍ന്നു. വൃഷ്ടി പ്രദേശത്ത് ബുധനാഴ്ച മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതിനെ തുടര്‍ന്നു അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കൂടിയിട്ടുണ്ട്. മൂന്നാറിലും മഴ ശക്തമാകുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഹൈറേഞ്ച് മേഖലകളില്‍ ചിലയിടങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. മാട്ടുപെട്ടി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ ഉടന്‍ ഉയര്‍ത്തും. വെള്ളിയാഴ്ച മുതല്‍ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേക്കുളള യാത്രയ്ക്ക് നിരോധനമുണ്ട്. തുടര്‍ച്ചയായി ഉരുള്‍പൊട്ടുന്ന നെല്ലിയാമ്പതി മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു പാലക്കാട് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. മലയോരമേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കാനും പൊതു നിര്‍ദേശമുണ്ട്.
ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മലമ്പുഴ ഡാം വൈകിട്ട് മൂന്നിന് തുറക്കും. നാലു ഷട്ടറുകളും 30 സെന്റീമീറ്റര്‍ ഉയര്‍ത്തും. കല്‍പാത്തിപ്പുഴ, ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. 115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് 114.03 മീറ്ററിലേക്ക് ഉയര്‍ന്നതോടെയാണ് തുറക്കുന്നത്.













