തെക്കന്‍ കേരളത്തില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നു. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തുനിന്ന് 150 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കേരളത്തില്‍ കാറ്റ് ആഞ്ഞ് വീശിയേക്കാം. കടല്‍ പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ തുടരും. തിരുവനന്തപുരം ജില്ലയിലാകും ന്യൂനമര്‍ദത്തിന്റെ സ്വാധീനം കൂടുതല്‍ അനുഭവപ്പെടുക. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ന്യൂനമര്ദഫലമായ മഴയും കാറ്റും ഉണ്ടാകാമെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.

കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു
തിരുവനന്തപുരം പൂന്തുറയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. വ്യോമസേനയില്‍ നാവികസേനയും തെരച്ചിലിന് ഇറങ്ങിയെങ്കിലും മോശം കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതിനിടെ തെരച്ചില്‍ തൃപ്തികരമായി നടക്കുന്നില്ലെന്ന് ആരോപിച്ച് പൂന്തറ തീരദേശത്തു പ്രതിഷേധവും ഉയര്‍ന്നു തുടങ്ങി. തെരച്ചിലിന് മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.













