ഓക്‌സ്ഫഡ് വാക്‌സിന്റെ അവസാന ഘട്ടപരീക്ഷണത്തിന് ഇന്ത്യയിൽ അഞ്ച് കേന്ദ്രങ്ങൾ

കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ പ്രതീക്ഷ നല്‍കുകയാണ് വാക്സിന്‍ പരീക്ഷണങ്ങള്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളാണ് ഇതില്‍ ശ്രദ്ധേയമായത്. ഈ വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത് നടത്തുമെന്നാണ് ബയോടെക്‌നോളജി വകുപ്പ്(ഡി.ബി.ടി) ഇപ്പോള്‍ പറയുന്നത്.

ഹരിയാണയിലെ ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷണല്‍, പുണെയിലെ കെഇഎം, ഹൈദരാബാദിലെ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് അലൈഡ് റിസര്‍ച്ച്, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, തമിഴ്‌നാട് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് എന്നിവയാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്ന അഞ്ച് സ്ഥാപനങ്ങൾ. നാഷണല്‍ ബയോഫാര്‍മ മിഷനും ഗ്രാന്‍ഡ് ചലഞ്ചസ് ഇന്ത്യ പ്രോഗ്രാമുമാണ് അഞ്ച് കേന്ദ്രങ്ങള്‍ സ്ഥാപിച്ചതെന്ന് ഡിബിടി സെക്രട്ടറി പറഞ്ഞു. ഓരോ കേന്ദ്രത്തിലും ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടേയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും ഒരു വലിയ ഡാറ്റാബേസ് ഉണ്ടായിരിക്കും.

പ്രതിരോധ വാക്‌സിന്‍ തയ്യാറായിക്കഴിഞ്ഞാല്‍, അതിന്റെ ഉല്പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്‌സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തിരഞ്ഞെടുത്തിട്ടുണ്ട്. പരീക്ഷണങ്ങളുടെ ആദ്യരണ്ടുഘട്ടങ്ങളുടെ പരീക്ഷണഫലങ്ങള്‍ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. വാക്സിൻ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുവാൻ കഴിയുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *