ഒ.ടി.ടി.യിൽ തെറി മുഴങ്ങുമ്പോൾ……; ഇവർക്ക് പറയാനുള്ളത്

കോവിഡ് സാഹചര്യത്തിൽ ജനങ്ങൾ തിയേറ്ററിൽ പോകാതെ ഒ.ടി.ടി. പ്ലാറ്റ്ഫോം വഴി വീട്ടിലിരുന്ന് സിനിമ കാണാൻ തുടങ്ങി. പക്ഷേ, വളരെ പ്രതീക്ഷയോടെ കുടുംബത്തോടൊപ്പം സിനിമ കാണുന്ന പ്രേക്ഷകർ സിനിമയിലെ അശ്ലീലസംഭാഷണങ്ങൾ കാരണം സ്വയം അപമാനിതരാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതുകാരണം കുട്ടികളുടെയും മാതാപിതാക്കളുടെയും കൂടെയിരുന്ന് സിനിമ കാണാൻ പറ്റാതാവുന്നു. എന്തുസംതൃപ്തിയാണ് ഇത്തരത്തിൽ അശ്ലീല/ തെറി വാക്കുകളും രംഗങ്ങളും സിനിമയിൽ ഉൾക്കൊള്ളിക്കുന്നതിലൂടെ സംവിധായകനും നിർമാതാവിനും കഥാകൃത്തിനും ലഭിക്കുന്നത്”- കോഴിക്കോട് സ്വദേശിയായ ഒരു സിനിമാസ്വാദകൻ സിനിമാ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റിനയച്ച കത്തിലെ ഒരു ഭാഗമാണിത്. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറങ്ങുന്ന സിനിമകളിൽ മറയില്ലാതെ തെറിവാക്കുകൾ വെളിപ്പെടുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈവിഷയം സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടെ അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. തെറികൾ സിനിമകളിൽ വിലസണോ വിലക്കണോ എന്നതുമായി ബന്ധപ്പെട്ട് എതിർത്തും അനുകൂലിച്ചും വാദങ്ങൾ ഒരുപാടുയർന്നു.

‘കോവിഡ്-19’ മുന്നോട്ടുവെച്ച ന്യൂനോർമൽ ലോകത്ത് സിനിമ പിറന്നുവീഴുന്നത് കൈക്കുമ്പിളിലാണ്. ഒ.ടി.ടി. അഥവാ ഓവർ ദ ടോപ് പ്ലാറ്റ്ഫോമുകളിൽ സിനിമയെത്തുമ്പോൾ മാറ്റങ്ങളേറെ. ആ മാറ്റങ്ങളുടെ കൂട്ടത്തിൽ ഇടിമുഴക്കത്തോളം ശബ്ദത്തിൽ പ്രകമ്പനംകൊള്ളുന്നുണ്ട് തെറിപ്പദങ്ങൾ. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽനിന്ന് തുളഞ്ഞുകയറുന്നുണ്ട് തെറികൾ. പച്ചത്തെറികൾ മറയില്ലാതെ തട്ടിവിടുന്നുണ്ട് കഥാപാത്രങ്ങൾ. സിനിമാസ്വാദനം ഒരു രഹസ്യാനുഭവമായിമാറുകയാണ്. തിയേറ്ററിനുള്ളിലെ അസംഖ്യം ഇരിപ്പിടങ്ങളുടെ ഇടുങ്ങലിൽനിന്ന് സിനിമ, മുറിക്കുള്ളിൽ തനിച്ചിരിക്കുന്ന പ്രേക്ഷകനെ/പ്രേക്ഷകയെ തേടിയെത്തുന്നു. കിടക്കയുടെ പതുപതുപ്പിലോ വീട്ടുവരാന്തയുടെ പരിചിതത്വത്തിലോ രഹസ്യമായി ആസ്വദിക്കാവുന്ന കലയായിമാറിയിരിക്കുന്നു സിനിമ. ഈ രഹസ്യാസ്വാദനത്തിൽ തെറികൾ പുറത്തുകടക്കുന്നില്ല. അതേസമയം, കുടുംബം, സമൂഹം എന്നീ ചട്ടക്കൂടുകളിൽ സിനിമകൾ ഓടുമ്പോൾ ഉറക്കെയുറക്കെ സ്ക്രീൻ വിട്ടിറങ്ങുന്ന നിഷിദ്ധപദങ്ങൾ കാണികളുടെ നെറ്റിചുളിപ്പിക്കുന്നു.

സിനിമ, ജീവിതത്തിന്റെ നേർക്കാഴ്ചയാകുമ്പോൾത്തന്നെയും വികാരങ്ങൾക്കും വാക്കുകൾക്കും അവയുടെ വെളിപ്പെടുത്തലുകൾക്കും നിയന്ത്രണങ്ങളേറെയുണ്ട്. ഇതിനെ സദാചാരവുമായും സംസ്കാരവുമായും ചേർത്തുവായിക്കാം. ആ പരിമിതിയെയാണ് ഒ.ടി.ടി. റിലീസുകൾ മറികടക്കുന്നത്. പുകവലിയും മദ്യപാനവും വെളിപ്പെടുത്തുന്ന രംഗങ്ങൾ വരുമ്പോൾ നിയമപ്രകാരമുള്ള മുന്നറിയിപ്പ് സ്ക്രീനിൽ തെളിയുന്നതുപോലെ കഥാപാത്രങ്ങൾ പുറപ്പെടുവിക്കുന്ന തെറികൾ ബീപ് ശബ്ദത്താൽ മൂടിവെച്ചുകൊണ്ടാണ് ഇക്കാലമത്രയും സിനിമകൾ തിയേറ്ററുകളിലും ടെലിവിഷനുകളിലും എത്തിയിരുന്നത്. പോലീസ് സിനിമകളിലെ ”പ്ഭ…പുല്ലേ”യിൽ തുടങ്ങി, ”എടാ…എടാ എന്തിരവനേ” എന്നതിൽ ഒടുങ്ങുകയും വിഴുങ്ങപ്പെടുകയും ചെയ്തിരുന്ന അത്തരം വാക്കുകളെ വിലക്കുകളുടെ ചങ്ങലക്കൊളുത്തഴിച്ച് പുറത്തുവിടുന്നുണ്ട് ഇപ്പോൾ സിനിമ. ഒ.ടി.ടി. റിലീസുകൾക്ക് സെൻസർ നിയമങ്ങൾ ബാധകമല്ലാത്തതിനാലാകാം സിനിമകളിൽ തെറിമുഴക്കങ്ങൾ തെളിഞ്ഞുകേൾക്കുന്നത്. ഈ തെറിമുഴക്കങ്ങൾ സിനിമയ്ക്കാവശ്യമാണോ? ആണെന്നും അല്ലെന്നും പക്ഷമുണ്ട്.

ആ പരിമിതി ഞാൻ ഇഷ്ടപ്പെടുന്നു
# സത്യൻ അന്തിക്കാട്

സിനിമയിൽ ഉപയോഗിക്കേണ്ട ഭാഷയുടെയും ദൃശ്യങ്ങളുടെയും കാര്യത്തിൽ പൂർണസ്വാതന്ത്ര്യം ഫിലിംമേക്കറിനാണ്. അത് സ്വീകരിക്കണോ പിന്തള്ളണോ എന്നകാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പ്രേക്ഷകരുമാണ്. ആരോടും അഭിപ്രായംചോദിക്കാതെ കുടുംബത്തോടൊപ്പമിരുന്ന് കാണാവുന്നവയാണ് എന്റെ സിനിമകൾ എന്നാണ് പ്രേക്ഷകർ എന്നോടു പങ്കുവെക്കാറുള്ള കാര്യം. പ്രേക്ഷകർക്ക് എന്നിലുള്ള ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്നുകാണുമ്പോൾ അലോസരമുണ്ടാക്കുന്നവിധത്തിലുള്ള വാക്കുകൾക്കോ ദൃശ്യങ്ങൾക്കോ എന്റെ സിനിമയിൽ ഇടംകൊടുക്കാറില്ല. മറ്റൊരുകണ്ണിൽ നോക്കുമ്പോൾ അതൊരു സംവിധായകന്റെ പരിമിതിയായി വിലയിരുത്തപ്പെടാൻ ഇടയുണ്ട്. എങ്കിൽക്കൂടിയും ഞാൻ ആ പരിമിതി ഇഷ്ടപ്പെടുന്നു. ലിഖിതനിയമങ്ങളില്ലാത്ത മേഖലയാണ് സിനിമ. ഓരോരുത്തരും അവരവരുടെ മനോധർമമനുസരിച്ചാണ് സിനിമയെടുക്കുന്നത്. അതുകൊണ്ടുതന്നെ പുതുതലമുറസംവിധായകരെ അവരുടെ തിരഞ്ഞെടുപ്പിന്റെയും നിലപാടിന്റെയും പേരിൽ വിമർശിക്കാനോ തിരുത്താനോ എനിക്കുദ്ദേശ്യമില്ല.

ഇതാണ് യുവത്വത്തിന് ഇഷ്ടമെന്ന് ഞാൻ കരുതുന്നില്ല
# പ്രിയദർശൻ

സഭ്യത നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. കുട്ടിക്കാലത്ത് ഞാൻ വായിച്ച പുസ്തകങ്ങളിലും കണ്ട സിനിമകളിലുമൊക്കെ കഥാപാത്രങ്ങൾ അവരുടേതായ ഭാഷയിൽ ദേഷ്യം പ്രകടിപ്പിക്കാറുണ്ട്. പക്ഷേ, അതിനൊക്കെ സഭ്യതയുടെ ഒരു അതിരുണ്ടായിരുന്നു. ആ വാക്കുകളൊന്നും ചെവിയെ പുളിപ്പിച്ചിരുന്നില്ല. കൂട്ടുകാർക്കൊപ്പമിരിക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യത്തിനനുസരിച്ച് വാക്കുകൾ ഉപയോഗിക്കാറുണ്ട്. പക്ഷേ, ആ സ്വാതന്ത്ര്യം ഞാൻ സിനിമയിലെടുക്കാറില്ല. മക്കൾക്കും അച്ഛനമ്മമാർക്കുമൊപ്പമിരുന്നു കാണുമ്പോൾ അരോചകമായി തോന്നുന്ന ഒരു ഘടകവും സിനിമയിൽ ഉണ്ടാകരുത് എന്ന് താത്പര്യപ്പെടുന്ന ഒരാളാണ് ഞാൻ. ‘പ്രാണനാഥൻ എനിക്കുനൽകിയ പരമാനന്ദരസത്തെ’ എന്ന ഇരയിമ്മൻതമ്പിയുടെ വരി നോക്കൂ. നല്ലബോധമുള്ള ഒരാൾ ചിന്തിച്ചളന്നാലേ ഒളിച്ചിരിക്കുന്ന അർഥം കണ്ടെത്താനാകൂ. ആകർഷകമായഭാഷയിൽ അത്രയധികം കാവ്യസൗന്ദര്യത്തോടെയാണ് കാര്യം അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ അസഭ്യതയ്ക്കും ഒരു സഭ്യതയുണ്ടായിരിക്കണം; അതാണ് പ്രധാനം. തെറി യുവാക്കൾക്ക് ഇഷ്ടമാണെന്നാണ് പൊതുവേ പറയാറുള്ളത്. പക്ഷേ, ഉയർന്നസാക്ഷരതയുള്ള നാടല്ലേ നമ്മുടേത്? ചെറുപ്പക്കാരിൽ തൊണ്ണൂറ്റൊമ്പതുശതമാനവും വിവരവും ബോധവുമുള്ളവരാണ്. ഒരു ശതമാനം ചെറുപ്പക്കാർമാത്രമേ ഇക്കൂട്ടത്തിൽ ഉൾപ്പെടാതെയുള്ളൂ. നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കന്മാർക്കെതിരേ അവരുടെ പ്രായത്തെയോ സ്ഥാനത്തെയോ മാനിക്കാതെ സാമൂഹികമാധ്യമങ്ങളിൽ മറഞ്ഞിരുന്ന് കേട്ടാലറയ്ക്കുന്ന വാക്കുകൾ പ്രയോഗിക്കുന്നത് ഇക്കൂട്ടരാണ്. അതുകാണുമ്പോൾ എഴുത്തുകാർക്ക് തോന്നിയേക്കാം ഇതാണ് യുവത്വത്തിന്റെ ഭാഷയെന്ന്. ആ സ്വാധീനം പുതുതലമുറ എഴുത്തുകാരിൽ ഉണ്ടാകുന്നുണ്ട്. നല്ല സിനിമകളിൽ എന്തിനാണ് ഇങ്ങനെയുള്ള വാക്കുകൾ മനഃപൂർവം കൂട്ടിച്ചേർക്കുന്നത്? സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ സ്വീകരിക്കും. അല്ലാതെ തെറിചേർത്തതുകൊണ്ട് പ്രത്യേകിച്ച് ഗുണമുള്ളതായി തോന്നുന്നില്ല.

അലോസരപ്പെടലുകൾ കാലത്തിനൊപ്പം മാറും
# ശ്യാം പുഷ്കരൻ

സമൂഹത്തിന്റെയും ജീവിതത്തിന്റെയും പ്രതിഫലനമായാണ് ഞാൻ സിനിമയെ കാണുന്നത്. ഞാൻ ജനിച്ചുവളർന്ന പ്രദേശത്ത് ആളുകൾ അത്തരം വാക്കുകൾ ഉപയോഗിക്കാറുണ്ട്. യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ കണ്ടുപരിചയിച്ച ജീവിതത്തെ അതിൽ ഉൾപ്പെടുത്താതിരിക്കാൻ കഴിയില്ല. നമുക്കുചുറ്റിനും നടക്കുന്ന കാര്യത്തെ സ്ക്രീനിൽ കാണുമ്പോൾ ഇത്രത്തോളം ഞെട്ടലുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സ്വീകരണമുറിയിലേക്ക്, സിനിമയിലൂടെ യാഥാർഥ്യം പെട്ടെന്നു കടന്നുവന്നതിന്റെ അങ്കലാപ്പാകാം ഇത്. തെറി ഉൾപ്പെടുത്തിയതുകൊണ്ട്
പൂർണമായ അർഥത്തിൽ സിനിമ ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നൊക്കെ പലരും പറഞ്ഞു. ‘ജോജി’യിലെ തെറികൾ ഈപറയുന്ന തരത്തിൽ കടുപ്പമുള്ളതാണെന്ന തോന്നൽ എനിക്കില്ല. പക്ഷേ, പലരുടെയും പ്രതികരണങ്ങൾ കണ്ടപ്പോൾ ആ വാക്കുകൾ അവരെ അലോസരപ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലായി. അവരോടും എനിക്ക് സ്നേഹവും സഹതാപവും മാത്രമേയുള്ളൂ. ആ അലോസരപ്പെടലുകൾ കാലത്തിനൊപ്പം മാറുകതന്നെ ചെയ്യും.

മാനദണ്ഡങ്ങൾ പലത്
# സന്ദീപ് സേനൻ

(സെൻസർ ബോർഡ് അംഗം)
പണ്ട് സഭ്യമല്ലാതിരുന്ന പലതും ഇന്ന് സഭ്യമായി മാറിയിട്ടുണ്ട്. അന്നത്തെകാലത്ത് ശരി എന്നുകരുതിയിരുന്ന പലതും ഇന്ന് നേരെ വിപരീതമായി മാറിയിട്ടുമുണ്ട്. അത്തരം കാര്യങ്ങളിൽ സെൻസറിങ് ആവശ്യപ്പെട്ടുകൊണ്ടുള്ള മുറവിളി മറുവശത്ത് ഉയരുന്നുമുണ്ട്. ഒരാളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിൽ കത്തിവെക്കുക എന്നതല്ല സെൻസറിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രേക്ഷകവിഭാഗത്തെ തരംതിരിച്ച് സിനിമയെ വിലയിരുത്തുക എന്നതാണ് സെൻസർബോർഡിന്റെ ദൗത്യം. തെറികൾ പലതും ഇന്ന് പൊതുജനം ഉപയോഗിക്കുന്നതാണ്. പുറത്തിറങ്ങുന്ന പല ഹിന്ദിസീരീസുകളിലും അത്തരം പ്രയോഗങ്ങൾ സർവസാധാരണമാണെന്ന് ഒന്നുനിരീക്ഷിച്ചാൽ മനസ്സിലാകും. ലിംഗഭേദ​െമന്യേ കഥാപാത്രങ്ങൾ തെറികൾ ഉപയോഗിക്കുന്നുണ്ടവിടെ. നമ്മൾ മലയാളികളും അത് കാണുന്നുണ്ട്. പക്ഷേ, മലയാളത്തിലേക്കെത്തുമ്പോൾ പലപ്പോഴും നിയന്ത്രണങ്ങൾ ആവശ്യപ്പെട്ടുകേൾക്കാറാണ് പതിവ്. തിരക്കഥയ്ക്കും കഥാപരിസരത്തിനും കഥാപാത്രത്തിനും അനുസരിച്ചാണ് ഇത്തരം കാര്യങ്ങളെ വിലയിരുത്തേണ്ടത്. അതിന് തക്കതായ മാനണ്ഡങ്ങളുണ്ട്. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽ പുറത്തിറങ്ങുന്ന സിനിമകൾ സെൻസർബോർഡിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല.

തെറി എന്ന ആഘാതം
# കല്പറ്റ നാരായണൻ

തെറിയുടെ ആഘാതശേഷി ചെറുതല്ല. സർവാധിപത്യത്തെ പരിഹസിക്കാൻ അസഭ്യപദങ്ങൾ സുലഭമായുപയോഗിച്ചു ‘ധർമപുരാണ’ത്തിൽ ഒ.വി. വിജയൻ. ബഷീറിന്റെ ഭർ നമ്മെ അന്ധാളിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ജോൺ അബ്രഹാമിന്റെ മൂന്ന് പ്രധാന സിനിമകളിലുമുള്ള ടോയ്ലറ്റ് സീനുകൾ തന്റെ കല രാഷ്ട്രീയമായി നിർമലമല്ല എന്ന പ്രഖ്യാപനമായിരുന്നു. അലസനായ കാണിയെ പ്രകോപിപ്പിക്കാനോ നിർദയവും സത്യസന്ധവുമായ ആവിഷ്കാരത്തിന്റെ ഭാഗമായോ ചെകുത്താന്റെ ഭാഷയായ തെറി സിനിമയിൽ പ്രത്യക്ഷപ്പെടാം. അധോവായു വിട്ട് ചിരിപ്പിക്കുന്നവന്റെ നിലവാരം സിനിമയിലായിക്കൂടാ. അതൊരു രോഗലക്ഷണമായല്ലാതെ നർമമായി ആരും എടുക്കുകയില്ല. പുതിയ സിനിമയിൽ സംവിധായകന്റെ ശേഷിക്കുറവായും ഫലിതം സൃഷ്ടിക്കാനാവാത്തവന്റെ ഫലിതപരിശ്രമമായും മാറുന്നുണ്ട് പലപ്പോഴും തെറിയുടെ ഉപയോഗം. അതൊരു ട്രെൻഡായി മാറുന്നത് ഭാവുകത്വത്തിന്റെ വിനാശം.

കഥ ആവശ്യപ്പെട്ടാൽ തെറി കടന്നുവരും
# ചെമ്പൻ വിനോദ്

ഒ.ടി.ടി.യിൽ ഏത് സിനിമ കാണുമ്പോഴും അതിന്റെ ഉള്ളടക്കം എന്താണെന്നും ഏത് പ്രായക്കാരെ ഉദ്ദേശിച്ചുള്ളതാണെന്നും അറിയാനുള്ള സൗകര്യമുണ്ട്. പതിനെട്ടുവയസ്സിനുമുകളിലുള്ളവർക്കുള്ള സിനിമ ആണെങ്കിൽക്കൂടിയും അതിൽ ലൈംഗികതയോ വയലൻസോ നഗ്നതയോ അടക്കമുള്ള ഘടകങ്ങളുണ്ടോ എന്നറിയാനും കഴിയും. കുടുംബത്തോടൊപ്പമിരുന്നുകാണാനുള്ള സിനിമ തിരഞ്ഞെടുക്കാനുള്ള ഏറ്റവും യുക്തിപരമായ ഒരുവഴി അതാണ്. അത്തരം ഘടകങ്ങളുള്ള സിനിമ എല്ലാവർക്കുമൊപ്പമിരുന്ന് കാണാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഒറ്റയ്ക്ക് കാണാനായി പിന്നത്തേക്ക് മാറ്റിവെക്കാനുള്ള സൗകര്യവുമുണ്ട്. ലോകത്തുള്ള എല്ലാമനുഷ്യരും നന്മയുടെ നിറകുടങ്ങളല്ലല്ലോ. അതുപോലെത്തന്നെയാണ് കഥാപാത്രങ്ങളും. നമ്മുടെ ചുറ്റുപാടുകളുമായി ബന്ധമുള്ള കഥകളും കഥാപാത്രങ്ങളും ഒക്കെയുമായി ബന്ധപ്പെടുത്തിയാണ് സിനിമയുണ്ടാക്കുന്നത്. തെറി എന്ന വിഭാഗത്തിൽപ്പെടുന്ന വാക്കുകൾ ഒട്ടുമിക്ക മനുഷ്യരും ദേഷ്യവും നിരാശയുമൊക്കെ പ്രകടിപ്പിക്കാൻ ഉപയോഗിക്കാറുള്ളതാണ്. ഒരെഴുത്തുകാരനും ഒരു സംവിധായകനും അവരുടെ സിനിമയിലൂടെ ഒരു പുതിയ തെറിവാക്ക് അവതരിപ്പിക്കുന്നില്ല. ഇവിടെ കാലാകാലങ്ങളായി മനുഷ്യർ ഉപയോഗിക്കുന്ന വാക്കുകളാണ് എല്ലാം. സിനിമയുടെ കഥാപരിസരമനുസരിച്ച് തെറി കടന്നുവരുന്നത് സ്വാഭാവികമാണ്. കഥയനുസരിച്ച് സിനിമയിലെവിടെയെങ്കിലും ഏതെങ്കിലും കഥാപാത്രം തെറിപറഞ്ഞെന്നിരിക്കും. തെറി കേട്ടതുകൊണ്ട് നശിച്ചുപോകുന്ന ഒരുതലമുറയാണ് ഇവിടെയുള്ളതെന്ന് എനിക്കുതോന്നുന്നില്ല. ‘ചുരുളി’യിൽ തെറിയുണ്ടെങ്കിൽ അത് ആ സിനിമയുടെ കഥ അങ്ങനെ ആവശ്യപ്പെടുന്നതുകൊണ്ടാണ്. അല്ലാതെ തെറി പറയാൻവേണ്ടി ആരും സിനിമ നിർമിക്കില്ലല്ലോ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *