ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കൃഷ്ണദാസെന്ന് ശക്തിവേല്‍

തന്നെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസായിരുന്നെന്ന് ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ മൂന്നാം പ്രതിയായ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേല്‍. ഒളിവിലിരിക്കെ കൃഷ്ണദാസ് തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും നിയമസഹായം നല്‍കാമെന്ന് ഉറപ്പുനല്‍കിയതായും ശക്തിവേല്‍ മൊഴി നല്‍കി.

ജിഷ്ണുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ശക്തിവേല്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ കോപ്പിയടി സര്‍വകലാശാലയിലേക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജിഷ്ണുവിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തെത്തുടര്‍ന്നായിരിക്കും ജിഷ്ണു മരിച്ചതെന്നുമാണ് ശക്തിവേല്‍ മൊഴി നല്‍കിയത്.

ഇന്നലെ രാത്രി അഞ്ചു മണിക്കൂറിലധികം പോലീസ് ശക്തിവേലിനെ ചോദ്യം ചെയ്തിരുന്നു. പിന്നീട് പുലര്‍ച്ചെ ഒന്നരയോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.

ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ കോയമ്പത്തൂര്‍ അവിനാശി റോഡിലെ അന്നൂരില്‍ തങ്കവേലു എന്നയാളുടെ ഫാം ഹൗസില്‍ നിന്നാണ് ശക്തിവേലിനെ പോലീസ് അറസ്റ്റു ചെയ്തത്. കോപ്പിയടിക്കാത്ത ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന പേരില്‍ കുടുക്കാനും തുടര്‍ന്ന് മര്‍ദിക്കാനും നേതൃത്വം നല്‍കിയത് വൈസ് പ്രിന്‍സിപ്പലായിരുന്ന ശക്തിവേലാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസില്‍, നാലാം പ്രതി സി.പി. പ്രവീണ്‍, അഞ്ചാം പ്രതി ഡിപിന്‍ എന്നിവരെ പിടികൂടാനുണ്ട്. പ്രവീണ്‍ കസ്റ്റഡിയിലുണ്ടെന്നാണു സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *