ഒളിമ്പിക്‌സിന് വേദിയൊരുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു

2032 ലെ ഒളിമ്പിക്‌സിന് വേദിയൊരുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി സൂചന. 35-ാമത് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുളള സാധ്യതകള്‍ പഠിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചു.

സാധ്യതാ പഠനം പൂര്‍ത്തിയായാലുടന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.

ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങളും കോട്ടങ്ങളുമാണ് നിലവില്‍ വിലയിരുത്തുക. ഫണ്ട് സമാഹരണം, അടിസ്ഥാന സൗകര്യം തുടങ്ങിയവയുള്‍പ്പെടെയുളള എല്ലാ കാര്യങ്ങളും വിശദമായി ചര്‍ച്ച് ചെയ്തശേഷമേ ആതിഥേയത്വം സംബന്ധിച്ച് തീരുമാനം ഉണ്ടാകൂ.

2032ലെ ഒളിമ്പിക്‌സിനും 2030 ലെ ഏഷ്യാഡിനും ആതിഥേയത്വം വഹിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നതായി പ്രസിഡന്റ് എന്‍. രാമചന്ദ്രന്‍ കഴിഞ്ഞ മാസം പത്രക്കാരോട് പറഞ്ഞിരുന്നു.
ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ ഈ നീക്കത്തിന് സര്‍ക്കാര്‍ എതിരല്ലെന്നാണ് ഇപ്പോഴത്തെ കായിക മന്ത്രാലയത്തിന്റെ നിലപാട് സൂചിപ്പിക്കുന്നത്.

ഇന്റര്‍ നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റി (ഐഒസി) 2025 ലാണ് 2032ലെ ഒളിമ്പിക്‌സ് വേദി പ്രഖ്യാപിക്കുക. അതിനാല്‍ ഇന്ത്യയ്ക്ക്് തയ്യാറെടുക്കാന്‍ ഒമ്പതു വര്‍ഷം ലഭിക്കും.
ചെലവ് ഏറിയതിനാല്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് ലോകത്തെ പല നഗരങ്ങളും പിന്മാറുകയാണ്.

2024 ലെ ഒളിമ്പിക്‌സ് വേദിക്കായി അപേക്ഷ നല്‍കിയ ഹാംബുര്‍ഗ് , റോം, ബുഡാപെസ്റ്റ് എന്നീ നഗരങ്ങള്‍ പിന്മാറി. ഇതോടെ മത്സര രംഗത്ത് പാരീസും ലോസ്ഏയ്ഞ്ചല്‍സും മാത്രമായി.
ഒളിമ്പിക്‌സിന് വേദിയൊതുക്കാന്‍ കൂടുതല്‍ നഗരങ്ങള്‍ മുന്നോട്ടുവരാത്ത സാഹചര്യത്തില്‍, രണ്ടു തവണ ഒളിമ്പിക്‌സ് അനുവദിച്ച നഗരത്തിന് വീണ്ടും വേദി അനുവദിക്കരുതെന്ന നയം ഐഒസി മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *