സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കരുതുന്ന നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലർട്ടുമുണ്ട്.

നിലവില്‍ അതി തീവ്രന്യൂനമര്‍ദ്ദം കിഴക്കന്‍ രാജസ്ഥാന് മുകളില്‍ സ്ഥിതിചെയ്യുകയാണ്. തെക്കന്‍ രാജസ്ഥാന്- ഗുജറാത്ത് മേഖലയിലേക്ക് സഞ്ചരിച്ച് വ്യാഴാഴ്ചയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കന്‍ അറബിക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ശക്തികൂടിയ ന്യൂനമര്‍ദ്ദം പശ്ചിമ ബംഗാളിന് മുകളിലും സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത രണ്ടു ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ്, ഒഡിഷ ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.













