ഒരു സ്‌കൂള്‍ മികവിന്റെ കേന്ദ്രം ആകണമെങ്കില്‍ എന്ത് വേണം ? തോമസ് ഐസക് പറയുന്നു

കലവൂരിലെ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നു. ചടങ്ങില്‍ പങ്കെടുക്കവേ അവിടെയുള്ള കുട്ടികളോടായി മന്ത്രി ഒരു ചോദ്യം ചോദിച്ചു. ഒരു സ്‌കൂള്‍ മികവിന്റെ കേന്ദ്രം ആകണമെങ്കില്‍ എന്ത് വേണം എന്നായിരുന്നു ചോദ്യം.

അഭിപ്രായം പറഞ്ഞവരില്‍ കൂടുതല്‍ പേരും മികച്ച കെട്ടിടങ്ങള്‍ വേണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഒരു വിദ്യാര്‍ത്ഥി ഫുട്‌ബോള്‍ കളിക്കാനായി നല്ല മൈതാനമാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു. ഇത് കേട്ടപാടെ അവിടെയുള്ളവര്‍ കൈയ്യടിച്ച്‌ പിന്തുണ നല്‍കുകയും, സ്‌കൂളില്‍ മറ്റ് കായിക ഇനങ്ങള്‍ക്കായിട്ടുള്ള സൗകര്യങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടു. കുട്ടികള്‍ക്കിടയില്‍ ഇങ്ങനെയൊരു മാറ്റം എങ്ങനെ എന്ന് അന്വേഷിച്ചപ്പോഴാണ് കലവൂര്‍ സ്‌കൂളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഉണ്ടായ മാറ്റങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ വന്നത്. സ്‌പോര്‍ട് ഇനങ്ങളില്‍ മികച്ച പരിശീലനം ഇവിടെ ലഭ്യമാക്കിയതോടെ മറ്റ് സ്‌കൂളില്‍ നിന്നും നിരവധി പേര്‍ ഇവിടേയ്ക്ക് എത്തുന്നതായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. അതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്ന ഗുരുക്കന്‍മാരെ പേരെടുത്ത് അഭിനന്ദിക്കാനും മന്തി തോമസ് ഐസക് മറന്നില്ല

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു സ്കൂള്‍ മികവിന്റെ കേന്ദ്രം ആകണമെങ്കില്‍ എന്ത് വേണം ? അഭിപ്രായം പറഞ്ഞവര്‍ക്കൊക്കെ ഞാന്‍ ഒരു ചോക്കലേറ്റ് സമ്മാനമായി നല്‍കി. പുതിയ കെട്ടിട സമുച്ചയത്തിന്‍റെ തറക്കല്ലിടല്‍ കര്‍മ്മം ആയത് കൊണ്ട് ഒട്ടേറെ പേര്‍ കെട്ടിട സൌകര്യങ്ങളെ കുറിച്ച്‌ പറഞ്ഞു. ചിലകുട്ടികള്‍ പഠന സൌകര്യങ്ങളെ കുറിച്ചും മികവിനെയും കുറിച്ച്‌ പറഞ്ഞു . പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് സ്പോര്‍ട്സ് മികവിനെ കുറിച്ചുള്ള അഭിപ്രയങ്ങള്‍ ആയിരുന്നു. ഫുട്ബോള്‍ ടീമില്‍ നിന്ന് ചുവപ്പ് ജേഴ്സി ഇട്ട ഒരു കുട്ടി സ്റ്റേജില്‍ കയറി മികവിന്‍റെ കേന്ദ്രം ആകണമെങ്കില്‍ മികച്ച ഒരു ഫുട്ബാള്‍ ഗ്രൗണ്ട് സ്കൂളില്‍ വേണം എന്ന് പറഞ്ഞു . ഏറ്റവും കൂടുതല്‍ കയ്യടി ഇതിനായിരുന്നു. പിന്നലെ ഹോക്കിക്കാരും വോളിബാളുകാരും കയറി വന്നു . ഇത് എന്തിങ്ങനെ ഒരു മാറ്റം എന്ന് ചിന്തിച്ചപ്പോഴാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കലവൂര്‍ സ്കൂള്‍ നടക്കുന്ന സ്പോര്‍ട്ട്സ് പരിശീലനത്തിന്‍റെ കഥകള്‍ അനാവരണം ചെയ്യപ്പെട്ടത്.

തുടക്കം ഒരു വര്‍ഷം മുന്‍പ് നടന്ന സ്കൂള്‍ ഫുട്ബാള്‍ സമ്മര്‍ ക്യാമ്ബ് ആയിരുന്നു.സമ്മര്‍ ക്യാമ്ബില്‍ 180 കുട്ടികള്‍ ഫുട്ബാളില്‍ ഉണ്ടായിരുന്നു. 85 കുട്ടികള്‍ മറ്റ് സ്കൂളുകളിലേതായിരുന്നു. അതില്‍ 18 പേര്‍ അണ്‍ എയിഡഡില്‍ നിന്നും കലവൂര്‍ സ്കൂളിലേക്ക് അഡ്മിഷനെടുത്തു. ഫുട്ബാളില്‍ പെണ്‍കുട്ടികളുടെ ടീം ജില്ലാതലത്തില്‍ ജേതാക്കളായി. സൗത്ത് സോണ്‍ ടീമില്‍ കുമാരി സീതാലക്ഷമി ഇടം പിടിച്ചു.ഉപജില്ലയിലും ജില്ലയിലും ഇത്തവണ സ്കൂളിലെ പെണ്‍കുട്ടികളാണ് ജേതാക്കള്‍. State കളിക്കുന്നതിനുള്ള ജില്ലാ ടീമിലേക്ക് 8 പേര്‍ കലവൂര്‍ സ്കൂളിലേ കുട്ടികളാണ്.

ഫുട്ബാള്‍ ടീം ജേഴ്സി ചുവപ്പ് ആണെങ്കില്‍ ഹോക്കി ടീമിന്റെ നിറം കറുപ്പാണ് . മൂന്നു ടീമുകള്‍ ആയിട്ടാണ് ഇവരുടെ പരിശീലനം പുതിയതായി തുടങ്ങിയ ഹോക്കി ടീമില്‍ നിന്നും മൂന്ന് പേര്‍ സോണല്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കലവൂര്‍ ഗോപിനാഥിന്‍റെ പേരിലുള്ള വോളിബോള്‍ കോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. ക്രിക്കറ്റ് അസോസിയേഷനുമായി ചേര്‍ന്ന് നെറ്റ് പ്രാക്ടീസ് പിച്ച്‌ ഒരുക്കിയിട്ടുണ്ട്.

കായികാദ്ധ്യാപിക ഉഷ ടീച്ചറും SMC അംഗവും KFA അംഗീകൃത കോച്ചുമായ സുരേഷ് കുമാറുമാണ് ഇതിനൊക്കെ നേതൃത്വം നല്‍കുന്നത്.ഇരുവരെയും ചടങ്ങില്‍ വച്ച ആദരിച്ചു. സുരേഷ് കുമാര്‍ തന്‍റെ തിരക്കുള്ള ജോലിയുടെ പുറമെയാണ് സ്കൂളിലെ കുട്ടികളെ പരിശീലിപ്പിക്കാന്‍ അവധി ദിനങ്ങളിലും മറ്റു ദിവസങ്ങളിലും അതിരാവിലെ സ്കൂള്‍ ഗ്രൗണ്ടില്‍ എത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *