ഒരു വെടിയ്ക്ക് രണ്ട് പക്ഷി, ചൈനയുടെ ബുദ്ധി കൊള്ളാം; പക്ഷേ ഇത് ഇന്ത്യയാണ്, ഓര്‍മയിരിക്കട്ടെ!

ന്ത്യ – ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങളുടെ യഥാര്‍ത്ഥ കാരണമെന്ത്? ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയ 1949 മുതല്‍ ചൈന ഇത്രയധികം പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത് ഇതാദ്യമാണ്. കൊവിഡ് 19 മൂലമുണ്ടായ സാമ്ബത്തിക മാന്ദ്യവും വൈറസ് പ്രഭവം മറച്ചുവെച്ചുവെന്നും ചൈനയ്ക്കെതിരെ ഒളിഞ്ഞും മറഞ്ഞും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

ഇപ്പോഴുള്ള പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ നാടകമൊരുക്കുന്നത്. കൊവിഡ് 19 മൂലമുണ്ടായ സാഹചര്യത്തില്‍ ഇന്ത്യ ചൈനയ്ക്കൊപ്പം നില്‍ക്കാത്തതും ചൈനയെ ചൊടിപ്പിച്ചിരിക്കുകയാണ്. ദലൈ ലാമയെ ഇന്ത്യ സ്വീകരിച്ചതും ചൈനയുടെ ഉള്ളില്‍ ഇന്ത്യയോടുള്ള വിദ്വേഷം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇനിയുമുണ്ട് കാരണങ്ങള്‍.

വ്യവസായങ്ങള്‍ ഇന്ത്യ സ്വയം കണ്ടെത്തി തുടങ്ങിയതോടെയാണ് ഇന്ത്യ ചൈനയുടെ കണ്ണിലെ കരടായി മാറിയത്. അംബനിയും അദാനിയും അടക്കമുള്ളവര്‍ രാജ്യ നന്മക്കായി രാജ്യ വികസനത്തിനായി വളമിടുമെന്ന് തിരിച്ചറിഞ്ഞതിനാലാകണം ഇന്ത്യന്‍ മണ്ണില്‍ ചവുട്ടി നിന്നുകൊണ്ട് തന്നെ ഒരു വിഭാഗം ആളുകള്‍ ഒറ്റുകാരുടെ പണി ചെയ്യുന്നത്. കുത്തക മുതലാളിമാര്‍ ചൂഷണം ചെയ്യുന്നേ… എന്ന നിലവിളി ശബ്ദമാണ് ഇക്കൂട്ടരുടെ മുഖമുദ്ര.

സ്വന്തം രാജ്യം പുരോഗതി പ്രാപിക്കരുതെന്ന ചിന്തയുടെ ആരംഭം അങ്ങ് ചൈനയില്‍ നിന്നാണ്. ചൈനയ്ക്ക് വേണ്ടി ഇന്ത്യയെ താറടിക്കുന്ന ഒരു വലിയ ശൃംഖല തന്നെ ഭാരതമണ്ണിലുണ്ട്. ചൈനയ്ക്ക് വേണ്ടി കുട പിടിക്കുന്നവര്‍ കോടികളുണ്ടാക്കുന്നു, അവരെ വിശ്വസിക്കുന്ന പാവം ജനങ്ങള്‍ ജോലിയും കൂലിയുമില്ലാതെ ജീവിതം മുന്നോട്ട് നയിക്കുന്നു. സര്‍ക്കാരിനെ ജനവിരുദ്ധരെന്ന് മുദ്രകുത്താനും കഴിയും, കമ്മ്യൂണിസത്തെ വളര്‍ത്താനും കഴിയും. ഒരു വെടിക്ക് രണ്ട് പക്ഷി.

ഐഫോണിന്റെ കര്‍ണ്ണാടക ഫാക്ടറി കമ്മ്യൂണിസ്റ്റ് കലാപകാരികള്‍ അടിച്ച്‌ തകര്‍ത്തത് ഒരു ഉദാഹരണം മാത്രം. അവരുടെ പ്രധാന ലക്ഷ്യം അംബാനിയും റിലയന്‍സുമാണ്. കര്‍ഷക സമരത്തിന്‍്റെ മറവില്‍ അവര്‍ തങ്ങളുടെ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്നു. സമരക്കാര്‍ റിലയന്‍സിന്റെ മൊബൈല്‍ ടവറുകള്‍ കൂട്ടമായി നശിപ്പിക്കുന്നു. കേന്ദ്രത്തിനെതിരെ, ഇന്ത്യന്‍ വളര്‍ച്ചെയ്ക്കെതിരെ നടക്കുന്ന ഇത്തരം സംഭവവികാസങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന ചൈനീസ് മാധ്യമങ്ങള്‍ ഒരു ദുഃസൂചന തന്നെയാണ്.

റിലയന്‍സ്‌ ജിയോയുടെ 1338 ടവറുകളാണ് പഞ്ചാബില്‍ കര്‍ഷകര്‍ തകര്‍ത്തത്. കാര്‍ഷിക നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വഴങ്ങാതെ വന്നതോടെ അംബാനിയെ പഞ്ഞിക്കിട്ട് കളയാം എന്ന ചിന്ത വല്ലതുമുണ്ടെങ്കില്‍ ഖാലിസ്ഥാനികളും കമ്മ്യൂണിസ്റ്റുകാരും അത് മാറ്റിവെയ്ക്കുന്നതാകും നല്ലത്. സര്‍ക്കാരിനോട് തോറ്റാല്‍ അംബാനിയുടെ അടുത്തല്ല അത് തീര്‍ക്കേണ്ടത്. സെല്‍ഫോണ്‍ കമ്മ്യൂണിക്കേഷന്‍ ടവറുകള്‍ തകര്‍ത്താല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമോയെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

പെപ്സി, കെല്ലോഗ്സ് തുടങ്ങിയ അന്താരാഷ്ട്ര കുത്തകകള്‍ വര്‍ഷങ്ങളായി ഭാരത കാര്‍ഷിക രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇവരോടൊന്നും തോന്നാത്ത വൈരാഗ്യം റിലയന്‍സിനോട് തോന്നാനുള്ള കാരണമെന്ത്? കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച്‌ കളത്തില്‍ ഇറക്കിയവരുടെ യഥാര്‍ത്ഥ പ്രശ്നം കൃഷി അല്ല, റിലയന്‍സ് ജിയോ ആണ്. അംബാനിയും കേന്ദ്ര സര്‍ക്കാരുമാണ്. അതിനു കാരണമുണ്ട്. കുറച്ചു നാളുകള്‍ മുന്‍പ് മുകേഷ് അംബാനി റിലയന്‍സ് ജിയോ ഇനി ചൈനീസ് കോമ്ബണന്റ്സ് ഉപയോഗിയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്ത ചൈനീസ് കേന്ദ്രങ്ങളില്‍ ഇടിത്തീ പോലെയായിരുന്നു വന്ന് പതിച്ചത്.

ചൈന ഭാരതത്തില്‍ നടത്തുന്ന ഇലക്‌ട്രോണിക്സ് ബിസിനസിന് അന്ത്യമാകുമെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ടായി. ഇത്തരം സംരംഭങ്ങളിലേക്ക് അംബാനി കാലെടുത്ത് വെയ്ക്കരുത്. ചൈനയെ വേദനിപ്പിക്കുന്ന ഇത്തരം നീക്കത്തില്‍ നിന്നും അംബാനി പിന്മാറിയേ പറ്റൂ. 5ജി ടെക്‌നോളജി കൊണ്ടുവരുമെന്ന അംബാനിയുടെ വെളിപ്പെടുത്തല്‍ ചൈനയെ ചെറുതൊന്നുമല്ല ഞെട്ടിച്ചത്. ചൈനയുടെ സ്വപ്നത്തിനു മുകളില്‍ അംബാനി കസേരയിട്ടിരിക്കുന്ന രംഗം ചിന്തിക്കാന്‍ ചൈനയ്ക്ക് സാധിക്കുന്നില്ല. അതിന്‍്റെ ഭാഗമായിട്ടാണ് റിലയന്‍സ് ജിയോ ടവറുകള്‍ നശിപ്പിക്കപ്പെടുന്നത്.

ചൈനയെന്ന തലയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കൈകള്‍ ഇന്ത്യന്‍ മണ്ണിലുണ്ടെന്നതിന്‍്റെ ഏറ്റവും വലിയ തെളിവായിരുന്നു ബാംഗ്ലൂരിലെ ആപ്പിള്‍ ഫോണ്‍ ഫ്രാഞ്ചൈസിയായ വിന്‍സ്ട്രോണ്‍ കമ്ബനി ആക്രമിയ്ക്കപ്പെട്ടത്. ഏകദേശം 50 കോടിക്കടുത്ത് നാശനഷ്ടമാണ് കമ്ബനിക്ക് ഉണ്ടായത്. സംഭവം ഇന്ത്യാക്കാര്‍ അറിയുന്നതിനു മുന്‍പേ ചൈന അറിഞ്ഞു. ഇന്ത്യയെ ഒറ്റുകൊടുക്കാന്‍ ചൈന ഇവിടെ ആളുകളെ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് സാരം. അല്ലെങ്കില്‍ ഇവിടെയുള്ളവരെ തന്നെ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയെടുക്കുന്നുവെന്ന് ചുരുക്കം.

സെല്‍ ഫോണിന്റെ കമ്മ്യൂണിക്കേഷന്‍ ടവറുകള്‍ തകര്‍ക്കുന്നതാണ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരമെങ്കില്‍ എന്തുകൊണ്ട് എയര്‍ ടെല്ലിന്റെയും, വിഐയുടെയും ടവറുകള്‍ കര്‍ഷകര്‍ തകര്‍ക്കുന്നില്ല? അവരും നാളെ കാര്‍ഷികരംഗത്തേക്ക് വരാന്‍ സാധ്യതയുണ്ടല്ലോ? എന്നാല്‍ അത് ചെയ്യില്ല. ഇതിലൂടെ തന്നെ കര്‍ഷകരുടെ വേഷം കെട്ടി വിവാദങ്ങള്‍ സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം കാര്‍ഷിക പ്രശ്ന പരിഹാരമല്ലെന്നും വ്യവസായിക രംഗത്തേക്കുള്ള ഇന്ത്യയുടെ കാല്‍വെയ്പ്പ് ആണെന്ന് വ്യക്തം. എന്നാല്‍, ഇത് ഇന്ത്യയാണ് അവസാന കീടാണുവിനെ വരെ നശിപ്പിച്ച്‌ കളയാന്‍ തക്ക കെല്‍പ്പുള്ള ഇന്ത്യ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *