ന്യൂഡല്‍ഹി: ആധാറിനെതിരായ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യംചെയ്ത് സുപ്രീം കോടതി. ‘ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ്’ എന്ന ആശയത്തില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ആരാഞ്ഞു. ആധാറിനും അതുമായി ബന്ധപ്പെട്ട നിയമത്തിനും എതിരെ മമത ബാനര്‍ജി നേതൃത്വം നല്കുന്ന പശ്ചിമബംഗാള്‍ സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്ത്യക്കാര്‍ എന്നതില്‍ എല്ലാവരും അഭിമാനിക്കുന്നു. എന്നാല്‍, അതിന് തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധമില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ വാദിച്ചു. പക്ഷെ ആധാര്‍ സംബന്ധിച്ചതെല്ലാം അസംബന്ധം ആണെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ നിലപാട്.

ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന് കപില്‍ സിബലിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുമെന്ന് പറയുന്നില്ല, പക്ഷെ, ആധാര്‍ സ്വകാര്യത ഇല്ലാതാക്കുമെന്നതില്‍ ഒരു തര്‍ക്കവുമില്ലെന്ന് സിബല്‍ പറഞ്ഞു. ബ്രിട്ടന് ഇത്തരം ബയോമെട്രിക്ക് സംവിധാനം നേരത്തെ നടപ്പാക്കിയിരുന്നു. പക്ഷെ, ഇത് പരാജയമായിരുന്നുവെന്നും സിബല്‍ ചൂണ്ടിക്കാട്ടി.













