ഒരു കൊവിഡ് കേസുപോലുമില്ലാത്ത ഉത്തരകൊറിയയില്‍ കൊവിഡ് പ്രതിസന്ധിയെന്ന്; കലിയിളകി കിം;പാര്‍ട്ടി ഉന്നതരെ പിരിച്ചുവിട്ടു

രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത് ചൂണ്ടിക്കാട്ടി ഉത്തര കൊറിയയിലെ ഉന്നത ഉദ്യോഗസ്ഥരേയും സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളേയും പുറത്താക്കി കിം ജോങ് ഉന്‍. കൊവിഡ് വ്യാപനം തടയാന്‍ ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചാണ് കിം മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും നീക്കിയത്. പല രാജ്യങ്ങളിലും കൊവിഡ് ഒന്നും രണ്ടും മൂന്നും തരംഗങ്ങള്‍ ശക്തിയാര്‍ജിച്ചപ്പോഴൊന്നും ഉത്തര കൊറിയയില്‍ ഒരു കൊവിഡ് കേസുപോലുമില്ലെന്നായിരുന്നു കിം അവകാശപ്പെട്ടിരുന്നത്. ലോകാരോഗ്യ സംഘടന്ക്ക് മുന്നില്‍വെച്ച കണക്കിലും പൂജ്യം കേസുകള്‍ എന്നായിരുന്നു നല്‍കിയിരുന്നത്. കിം തന്നെ രാജ്യത്ത് കൊവിഡ് പ്രതിസന്ധിയെന്ന് പറയുമ്പോള്‍ അതിന്റെ വ്യാപ്തി എത്രത്തോളമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

കൊവിസ് പ്രതിസന്ധിയെക്കുറിച്ച് കിം പറഞ്ഞതായി ഉത്തരകൊറിയയിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി തന്നെയാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനം നടക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനായി 2020 ജനുവരി മുതൽ ഉത്തരകൊറിയയുടെ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ കൊവിഡ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന സ്വന്തം വാദത്തെ കിം പൊളിച്ചടുക്കി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഉദ്യോഗസ്ഥർ അവരുടെ ചുമതലയിൽ വീഴ്ച വരുത്തിയെന്നും രാജ്യത്ത് അത് ഒരു വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്നും കിം തന്നെ പറഞ്ഞു എന്നാണ് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. രാജ്യത്തിന്റേയും ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ തടസ്സം ഉണ്ടാകുകയും ഇത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തെന്ന് കിം തന്നെ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. കേഡർമാരുടെ കഴിവില്ലായ്മയും ഉത്തരവാദിത്വമില്ലാത്ത സമീപനവും പ്രധാനപ്പെട്ട ജോലികൾക്ക് തടസം സൃഷ്ടിച്ചുവെന്ന് ചൊവ്വാഴ്ച പ്രധാന കെട്ടിടത്തിൽ നടന്ന പൊളിറ്റ്ബ്യൂറോ യോഗത്തിൽ കിം പറഞ്ഞിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *