മന്ത്രിമാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ധൂര്‍ത്ത് വെട്ടിക്കുറയ്ക്കാനുള്ള നടപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓരോ ഔദ്യോഗിക വാഹനങ്ങള്‍ മാത്രം മതിയെന്ന ‘വണ്‍ പേഴ്‌സണ്‍ വണ്‍ കാര്‍’ നയം മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചു. ആഭ്യന്തര റൂട്ടിലുള്ള എല്ലാ വിമാനയാത്രകളിലും എക്കോണമി ക്ലാസ് ഉപയോഗിച്ചാല്‍ മതിയെന്നും മമത നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കുന്ന നടപടിയുടെ ഭാഗമാണിത്.
വിദേശയാത്രകള്‍ക്ക് ഇനി മുഖ്യമന്ത്രിയുടെ അനുമതി വേണം. വിരുന്ന് സത്കാരങ്ങളും വെട്ടിക്കുറച്ചതായി അവര്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കി. ഒന്നിലേറെ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ സ്വന്തമാക്കി വയ്ക്കുന്നതിനെയാണ് മമത എതിര്‍ത്തതെന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് മമതയുടെ താക്കീത് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഉടനടി അത് തിരിച്ചുനല്‍കണമെന്നും ഒരെണ്ണം മാത്രം ഉപയോഗിച്ചാല്‍ മതിയെന്നുമുള്ള ശക്തമായ താക്കീത് ആണ് വര്‍ നല്‍കിയത്. നിര്‍ദേശത്തോട് യോഗത്തില്‍ പങ്കെടുത്തവര്‍ എല്ലാം യോജിപ്പ് പ്രകടിപ്പിച്ചുവെന്ന് മമത ബാനര്‍ജിയും പ്രതികരിച്ചു.
ഓരോ വര്‍ഷവും പഴയ കടങ്ങള്‍ വീട്ടുന്നതിന് സര്‍ക്കാര്‍ 47,000 കോടി രൂപയാണ് മുടക്കുന്നത്. സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കുമുള്ള കേന്ദ്രഫണ്ടുകള്‍ വെട്ടിക്കുറച്ചു. അതിനാലാണ് പൊതുപണം ചെലവഴിക്കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
കൂടാതെ, സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികള്‍ സമയബദ്ധിതമായി പൂര്‍ത്തിയാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയേയും നിയോഗിച്ചു. പദ്ധതികള്‍ക്ക് അധിക പണം മുടക്കുന്നത് ഒഴിവാക്കാനാണിത്.













