രമ്യാ ഹരികുമാറിന് കേസരി മാധ്യമ പുരസ്‌കാരം


കേസരി വാരിക മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള 2017 ലെ കേസരി രാഷ്ട്രസേവാപുരസ്‌കാരവും രാഘവീയം പുരസ്‌കാരവും പ്രഖ്യാപിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കുള്ള രാഷ്ട്രസേവാ പുരസ്‌കാരത്തിന്‌ ഹരി എസ്. കര്‍ത്തായും, യുവമാധ്യമ പ്രതിഭയ്ക്കുള്ള രാഘവീയം പുരസ്‌കാരത്തിന്‌ മാതൃഭൂമി ഓണ്‍ലൈനിലെ സീനിയര്‍ കണ്ടന്റ് റൈറ്റര്‍ രമ്യഹരികുമാറും അര്‍ഹയായി.


50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് രാഷ്ട്രസേവ പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലക വുമാണ് രാഘവീയം പുരസ്‌കാരം. മാത്യഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ പി. ബാലകൃഷ്ണന്‍, മാധ്യമപ്രവര്‍ത്തകന്‍ എം. സുധീന്ദ്രകുമാര്‍, ഡോ.എന്‍.ആര്‍. മധു എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഹരി എസ്. കര്‍ത്തായുടെ പേര് രാഷ്ട്രസേവാ പുരസ്‌കാരത്തിനായി നിര്‍ദ്ദേശിച്ചത്. മാധ്യമപ്രവര്‍ത്തകരായ യു.കെ. കുമാരന്‍, ഹരീഷ് കടയപ്രത്ത്, എം. ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് രമ്യഹരികുമാറിനെ രാഘവീയം പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.


മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘താരാട്ട് നിലയ്ക്കുന്ന ഊരുകള്‍’ എന്ന പരമ്ബരയാണ് രമ്യ ഹരികുമാറിനെ രാഘവീയം പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ജൂലായ് 18ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കും. കേസരി സ്ഥാപക മാനേജരായിരുന്ന എം. രാഘവന്റെ സ്മരണയ്ക്കായാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.

യുവമാധ്യമപ്രതിഭയ്ക്കുള്ള രാഘവീയം പുരസ്‌കാരത്തിന് ഈ വര്‍ഷം അച്ചടിമാധ്യമ രംഗത്തുള്ളവരെയാണ് പരിഗണിച്ചത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി മലയാളം, ഇംഗ്ലീഷ് പത്രപ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യമാണ് ഹരി എസ്. കര്‍ത്താ. ഇക്ക ണോമിക് ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ പത്രങ്ങളില്‍ സാമ്ബത്തിക ലേഖകനായി പ്രവര്‍ത്തിച്ച ഹരി എസ്. കര്‍ത്താ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്നു. അമൃതാ ചാനലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.



Sharing is Caring