ഒന്‍പത് ട്രാന്‍സ്‌ജെന്‍ഡറുകള്‍ കൊച്ചി മെട്രോയിലെ ജോലി ഉപേക്ഷിച്ചു

മെട്രോയുടെ ആദ്യഘട്ടത്തില്‍ നിയമിച്ചവരില്‍ ഒന്‍പത് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ജോലി ഉപേക്ഷിച്ചു. ശമ്പളക്കുറവു മുതല്‍ താമസ സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ടു വരെ കാരണങ്ങളായി ചൂണ്ടിക്കാണിച്ചാണ് പലരും ജോലി ഉപേക്ഷിച്ചത്.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തില്‍ 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയാണ് ഹൗസ് കീപ്പിങ്ങിലും ടിക്കറ്റിങ് വിഭാഗത്തിലുമായി നിയമിച്ചത്. ഇതില്‍ 14 പേര്‍ മാത്രമാണ് ഇപ്പോള്‍ ജോലിയിലുള്ളത്.

”താമസമുള്‍പ്പെടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. മെട്രോയിലെ കുറഞ്ഞ ശമ്പളത്തില്‍ വീടിന്റെ വാടകയും ജീവിതച്ചെലവുമെല്ലാം മുന്നോട്ടു കൊണ്ടുപോകാനായില്ല” – ജോലി ഉപേക്ഷിച്ചതിന് കാരണം ഒരാള്‍ ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെയാണ്. കൂട്ടത്തിലെ ചിലര്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിച്ചപ്പോഴാണ് ജോലി ഉപേക്ഷിച്ചതെന്നും പേരു വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ ഇവര്‍ പറഞ്ഞു. ഹൗസ് കീപ്പിങ് വിഭാഗത്തില്‍ 10,833 രൂപയും ടിക്കറ്റിങ്ങില്‍ 11,700 രൂപയുമാണ് ശമ്പളം നല്‍കുന്നത്.

സാമൂഹികമായി ഏറെ പ്രാധാന്യമുള്ള പരീക്ഷണമെന്ന നിലയിലാണ് മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി നല്‍കിയതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) അധികൃതര്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായിരുന്നു ഇത്തരമൊരു നടപടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പലരും ജോലിയില്‍ തൃപ്തരായിരുന്നില്ല. ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ജോലിക്കെടുത്തവരില്‍ ചിലര്‍ കുറച്ചുകൂടി മെച്ചപ്പെട്ട ജോലി വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. യോഗ്യതയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് എല്ലാ നിയമനങ്ങളും. അതിനാല്‍ ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കാനായില്ലെന്നും കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.

താമസ സൗകര്യം ലഭിക്കുന്നില്ലെന്ന പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ ഇടപെട്ടിരുന്നു. കാക്കനാട് ജ്യോതിസ് ഭവനില്‍ മാസം 500 രൂപ വാടകയ്ക്ക് താമസമൊരുക്കി. നിലവില്‍ ജോലിയിലുള്ളതില്‍ കുറച്ചുപേര്‍ മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. ജ്യോതിസ് ഭവനില്‍ താമസിക്കുന്നവര്‍ക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിലേക്കും തിരിച്ചും ഇവര്‍ക്ക് വാഹനം നല്‍കുന്നുണ്ടെന്നും മെട്രോ അധികൃതര്‍ പറഞ്ഞു.

കുറെപ്പേര്‍ ജോലി ഉപേക്ഷിച്ചെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ നിയമനവുമായി മുന്നോട്ടു പോകാനാണ് കെ.എം.ആര്‍.എല്ലിന്റെ പദ്ധതി. ആലുവ മുതല്‍ പേട്ട വരെയുള്ള മെട്രോ റൂട്ടില്‍ ആകെ 60 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടാംഘട്ട നിയമനത്തിന്റെ നടപടികള്‍ പുരോഗമിക്കുകയാണെന്നും മെട്രോ അധികൃതര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *