ഒന്നാംക്ലാസ് വിദ്യാര്‍ഥിക്ക് സ്കൂളില്‍ കുത്തേറ്റു; ആറാംക്ലാസ് വിദ്യാര്‍ഥിനിക്കായി തിരച്ചില്‍


സ്കൂളിലെ ടോയ് ലെറ്റില്‍ വെച്ച്‌ ഒന്നാം ക്ളാസ് വിദ്യാര്‍ഥിക്ക് കുത്തേറ്റു. ത്രിവേണി നഗറിലെ ബ്രൈറ്റ്നഗര്‍ സ്കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. ഏഴ് വയസ്സുകാരനായ ഹൃതിക് ശര്‍മയെ അതേ സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിനിയാണ് മൂര്‍ച്ഛയുള്ള ആയുധം കൊണ്ട് കുത്തിയതെന്നാണ് ആരോപണം. നെറ്റിയിലും വയറിനും ഗുരുതരമായ പരിക്കേറ്റ വിദ്യാര്‍ഥി കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.


ചൊവ്വാഴ്ച സ്കൂളിലെ രാവിലെ അസംബ്ളി കഴിഞ്ഞതിനു ശേഷമാണ് സ്കൂള്‍ ഇന്‍ ചാര്‍ജ് ടോയ് ലെറ്റില്‍ രക്തം വാര്‍ന്ന നിലയില്‍ ഹൃതിക് തറയില്‍ കിടക്കുന്നത് കണ്ടത്. ടോയ് ലെറ്റില്‍ നിന്നും ആരോ മുട്ടുന്നത് കേട്ട് ഇദ്ദേഹം വാതില്‍ തുറന്നപ്പോഴാണ് കുത്തേറ്റ് കിടക്കുന്ന ഹൃത്വികിനെ കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ട്രോമ കെയര്‍ യൂണിറ്റില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് വിദ്യാര്‍ഥി.


ടീച്ചര്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഹൃതിക്കിനെ പെണ്‍കുട്ടി വിളിച്ചുകൊണ്ടുപോയത്. ടോയ് ലെറ്റില്‍ കയറി വാപൊത്തിപ്പിച്ച്‌ നെറ്റിയിലും വയറ്റത്തും കുത്തുകയായിരുന്നു എന്നാണ് മൊഴി. വിദ്യാര്‍ഥിനി പിന്നീട് പുറത്തുനിന്നും വാതിലടച്ചതിന് ശേഷമാണ് പോയത്. എന്നാല്‍ കൃത്യം ചെയ്തതാരെന്ന് ഇനിയും വ്യക്തമായിട്ടില്ല.

അതേ സമയം, സ്കൂള്‍ അധികൃതര്‍ സംഭവം മൂടിവെക്കാന്‍ ശ്രമിച്ചുവെന്നും ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചതെന്നും ആരോപണമുണ്ട്. വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കിയതെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.



Sharing is Caring