ഐ.പി.എല്‍ 13-ാം സീസണ്‍ രണ്ടാം മത്സരം ; കിങ്‌സ് ഇലവന്‍ പഞ്ചാബിന് ടോസ് ; ഡല്‍ഹിയെ ബാറ്റിങ്ങിന് വിട്ടു

ദുബായ് : ഐ.പി.എല്‍ 13-ാം സീസണിലെ രണ്ടാമത്തെ മത്സരത്തില്‍ ടോസ് നേടിയ കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ ഡല്‍ഹിയെ ബാറ്റിങ്ങിന് വിട്ടു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ടോസ് ജയിക്കുന്ന ക്യാപ്റ്റന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്.

ഐ.പി.എല്ലില്‍ എല്ലാ സീസണിലും കളിച്ചെങ്കിലും ഒരുതവണപോലും ഫൈനലിലെത്താത്ത ഒരേയൊരു ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, പൃഥ്വി ഷാ തുടങ്ങിയ ഇന്ത്യന്‍ യുവതാരങ്ങള്‍ അണിനിരക്കുന്ന ടീമില്‍ ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ആര്‍. അശ്വിന്‍, ഇഷാന്ത് ശര്‍മ തുടങ്ങി പരിചയസമ്ബന്നരായ ഇന്ത്യന്‍ താരങ്ങളുമുണ്ട്. ഓസ്ട്രേലിക്കാരായ മാര്‍ക്കസ് സ്റ്റോയിനിസ്, അലക്സ് കാരി എന്നിവരും വെസ്റ്റിന്‍ഡീസിന്റെ ഷിമ്രോണ്‍ ഹെറ്റ്മെയറും ചേരുന്ന ബാറ്റിങ് ശക്തമാണ്. ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര, സന്ദീപ് ലമിച്ചാനെ എന്നിവര്‍ ഉള്‍പ്പെട്ട സ്പിന്‍ വിഭാഗവും ശക്തമാണ്.

മറുവശത്ത് ഇത്തവണത്തെ ഐ.പി.എല്ലില്‍ ഒരു ഇന്ത്യക്കാരന്‍ പരിശീലകനായ ഒരേയൊരു ടീമാണ് പഞ്ചാബ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയാണ് കിങ്സ് ഇലവന്റെ പരിശീലകന്‍. ക്രിസ് ഗെയില്‍, ഗ്ലെന്‍ മാക്സ്വെല്‍ തുടങ്ങിയ വമ്ബനടിക്കാരും ടീമിനൊപ്പമുണ്ട്. ഒപ്പം മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ രാഹുലും ചേരുമ്ബോള്‍ പഞ്ചാബ് ബാറ്റിങ് ശക്തമാണ്.

ഇംഗ്ലണ്ടില്‍ നിന്ന് ഏകദിന പരമ്ബരയ്ക്കു പിന്നാലെ യു.എ.ഇയിലെത്തിയ മാക്സ്വെല്ലിന് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ഞായറാഴ്ച കളത്തിലിറങ്ങാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. പക്ഷേ താരം കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ക്രിസ് ഗെയിലിനൊപ്പം ആര് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്ന കാര്യത്തില്‍ പഞ്ചാബിന് ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്. രാഹുലും മായങ്ക് അഗര്‍വാളുമാണ് പരിഗണനയിലുള്ളത്. ഷെല്‍ഡണ്‍ കോട്രലും മുഹമ്മദ് ഷമിയും ക്രിസ് ജോര്‍ദാനും അടങ്ങുന്ന ബൗളിങ് നിരയും പഞ്ചാബിന് കരുത്തേകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *