ഐ എസ് എല്ലില്‍ ഇന്ന് ഡല്‍ഹി ഡൈനാമോസ് – മുംബൈ സിറ്റി പോരാട്ടം


ഐ എസ് എല്ലില്‍ ഇന്ന് സെമി സാധ്യത ലക്ഷ്യമാക്കി മുംബൈ – ഡല്‍ഹി ഡൈനാമോസിനെ നേരിടും. ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയിച്ച മുംബൈ സിറ്റി മികച്ച ഫോമിലാണ് ഡല്‍ഹിയെ നേരിടാനിറങ്ങുന്നത്. അതെ സമയം ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ മുംബൈക്ക് സെമി സാധ്യത നിലനിര്‍ത്താനാവു.


ലീഗിന്റെ അവസാന ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് ഡല്‍ഹി വരുന്നത്. സെമി സാധ്യത അവസാനിച്ചുവെങ്കിലും കഴിഞ്ഞ നാല് മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ഡല്‍ഹി ഇന്നിറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ എ ടി കെയെ 4-3 തോല്‍പ്പിച്ചാണ് ഡല്‍ഹി വരുന്നത്. 3-1 നു പിറകില്‍ നിന്നതിനു ശേഷമാണു ഡല്‍ഹി എ ടി കെയെ വീഴ്ത്തി വിജയം പിടിച്ചെടുത്തത്. 16 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റോടെ ഡല്‍ഹി എട്ടാം സ്ഥാനത്താണ്. മികച്ച ഫോമിലുള്ള കാലു ഉച്ചേയിലാണ് ഡല്‍ഹിയുടെ പ്രതീക്ഷകള്‍.


കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയ മുംബൈ പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇന്നിറങ്ങുക. ഇന്ന് ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് അഞ്ചാം സ്ഥാനത്ത് എത്താനും അവര്‍ക്കാവും. നിലവില്‍ 16 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റാണ് മുംബൈക്ക് ഉള്ളത്.



Sharing is Caring