ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ഇന്ത്യയ്ക്ക് നേട്ടം


അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗ് പട്ടിക പുറത്ത് വിട്ടു. ഒന്നാംസ്ഥാനം നിലനിര്‍ത്തിയ ടീം ഇന്ത്യ, രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയുമായുള്ള പോയിന്റ് വ്യത്യാസം പതിമൂന്നാക്കി ഉയര്‍ത്തിയപ്പോള്‍, വെസ്റ്റിന്‍ഡീസിനെ പിന്തള്ളി ബംഗ്ലാദേശ് എട്ടാം സ്ഥാനത്തേക്ക് കയറി. പുതിയ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യയ്ക്ക് 125 പോയിന്റാണുള്ളത്, ദക്ഷിണാഫ്രിക്കയ്ക്ക് 112 പോയിന്റും.


പുതിയ റാങ്കിംഗ് പട്ടികയില്‍ നാല് പോയിന്റുകള്‍ സ്വന്തമാക്കിയ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍, ന്യൂസിലന്‍ഡാണ് നാലാം സ്ഥാനത്ത്. ഇംഗ്ലണ്ട്, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് തൊട്ട് പിറകെയുള്ള സ്ഥാനങ്ങളിലുള്ളത്.


വെസ്റ്റിന്‍ഡീസിനെ പിന്തള്ളി ബംഗ്ലാദേശ് എട്ടാം റാങ്ക് കരസ്ഥമാക്കിയതാണ് പുതിയ റാങ്കിംഗ് പട്ടികയിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം. ഇതാദ്യമായാണ് വെസ്റ്റിന്‍ഡീസ് ടെസ്റ്റ് റാങ്കിംഗില്‍ ഒമ്ബതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. പുതിയ റാങ്കിംഗില്‍ അഞ്ച് പോയിന്റ് നഷ്ടപ്പെട്ട അവര്‍ക്ക് ആകെ 67 പോയിന്റാണുള്ളത്. നാല് പോയിന്റ് വര്‍ധിപ്പിച്ച ബംഗ്ലാദേശാകട്ടെ 75 പോയിന്റ് നേടി വിന്‍ഡീസുമായുള്ള വ്യത്യാസം എട്ട് പോയിന്റാക്കി മാറ്റുകയായിരുന്നു.



Sharing is Caring