ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ എഫ്‌സി ഗോവക്ക് ജയം


ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ എഫ്‌സി ഗോവക്ക് ജയം. ഇന്നലെ നടന്ന കളിയില്‍ മുംബൈ സിറ്റി എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് സീക്കോയുടെ ടീം പരാജയപ്പെടുത്തി. കളിയുടെ 41-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം റിച്ചാര്‍ലിസനാണ് വിജയ ഗോള്‍ നേടിയത്.


തങ്ങളുടെ അഞ്ചാം കളിയിലാണ് എഫ്‌സി ഗോവ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. വിജയത്തോടെ ഗോവക്ക് നാല് പോയിന്റായെങ്കിലും പട്ടികയില്‍ എറ്റവും പിന്നിലാണ്. തോറ്റെങ്കിലും ആറ് കളികളില്‍ നിന്ന് എട്ട് പോയിന്റുമായി മുംബൈ സിറ്റി രണ്ടാമത്.
മുംബൈക്ക് വേണ്ടി പരിക്കുമാറിയ മാര്‍ക്വീതാരം ഡീഗോ ഫോര്‍ലാന്‍ കളത്തിലെത്തിയെങ്കിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.


അതേസമയം തുടക്കം മുതല്‍ വിജയം ലക്ഷ്യമാക്കി ആക്രമിച്ചു കളിച്ച ഗോവയെയാണ് ഇന്നലെ കളത്തില്‍ കണ്ടത്. മുംബൈ ഗോളി റോബര്‍ട്ടോ നെറ്റോയുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്ന് ഗോവയെ തടഞ്ഞുനിര്‍ത്തിയത്.

സീസണില്‍ മുംബൈയുടെ രണ്ടാം പരാജയം. കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സിനോട് കൊച്ചിയില്‍ 1-0ന് തോറ്റിരുന്നു. അടുത്ത കളിയില്‍ മുംബൈയുടെ എതിരാളികള്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത.



Sharing is Caring