ഏജന്റുമാരെ തേടി കള്ളപ്പണക്കാര്‍, രണ്ടു ലക്ഷം അക്കൗണ്ടിലിട്ട് വെളിപ്പിച്ചാല്‍ അര ലക്ഷം കമ്മിഷന്‍

കള്ളപ്പണം വെളുപ്പിക്കാന്‍ നിരോധിച്ച കറന്‍സികളുമായി കള്ളപ്പണക്കാര്‍ ഏജന്റുമാരെ തേടി ഇറങ്ങുന്നു. മദ്യശാലകളിലും ബീവറേജസ് ഔട്ട് ലെറ്റുകളിലും ഇവരുടെ റാക്കറ്റ് രംഗത്തുണ്ടെന്നാണ് സൂചന. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒരു ബിയര്‍- വൈന്‍ പാര്‍ലറിലും മറ്റുമായി ഇന്നലെ വൈകീട്ട് മദ്യപിക്കുന്നവരില്‍ പലരെയും സമീപിച്ച്‌ ഒരു യുവാവ് ആയിരം രൂപയുടെ നോട്ടുകള്‍ നല്‍കി പകരം 700 രൂപ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് പലരില്‍നിന്നുമായി നോട്ടുകള്‍ മാറ്രിയെടുത്ത സംഭവമുണ്ടായി. ഇതിന്റെ ആവര്‍ത്തനമെന്നപോലെ ബീവറേജസ് ഔട്ട് ലറ്റുകളുടെ പരിസരത്ത് ക്യൂ നില്‍ക്കുന്നവര്‍ക്കും ആയിരത്തിന്റെ നോട്ടുകള്‍ നല്‍കി 700 രൂപ തിരികെ വാങ്ങിച്ച സംഭവം നടന്നു.

നിരോധിച്ച പണം ബാങ്കില്‍നിന്ന് മാറ്റിയെടുക്കാനാവുമെന്നതിനാല്‍ പലരും കള്ളപ്പണ റാക്കറ്രിന്റെ വലയില്‍ വീഴുന്നുണ്ടെന്നാണ് പറയുന്നത്. രേഖകളില്ലാത്ത പണം ബാങ്കില്‍ വന്‍തോതില്‍ നിക്ഷേപിക്കാന്‍ ചെന്നാല്‍ പിടിവീഴുമെന്ന ധാരണയിലാണ് കൈയിലുള്ള കണക്കില്ലാത്ത പണം ചെലവഴിക്കാന്‍ പലരും കുറുക്കുവഴിതേടി രംഗത്തുള്ളത്.

കള്ളപ്പണം വന്‍തോതില്‍ വെളുപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് നിര്‍മ്മാണ രംഗത്തുള്ള വന്‍ കോണ്‍ട്രാക്ടര്‍മാരും മറ്റുമാണ്. നിരോധനം വന്ന അഞ്ഞൂറും ആയിരം രൂപ നോട്ടുകള്‍ ഉള്‍പ്പെട്ട രണ്ടു ലക്ഷം രൂപ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച്‌ വെളുപ്പിച്ച്‌ നല്‍കുന്നവര്‍ക്ക് പതിനായിരവും ഇരുപതിനായിരം രൂപയുമൊക്കെയാണ് വാഗ്ദാനം. ഇത്തരം ഏജന്റുമാര്‍ പലേടത്തും രംഗത്തിറങ്ങിക്കഴിഞ്ഞു. രണ്ടു ലക്ഷംരൂപ വെളുപ്പിച്ച്‌ നല്‍കാന്‍ ഇടനിലക്കാരായ ഏജന്റ് മുപ്പതിനായിരം മുതല്‍ അരലക്ഷംവരെ കമ്മീഷന്‍ ഉറപ്പിച്ചാണ് രംഗത്തുവന്നിരിക്കുന്നത്. മലബാറില്‍ കാസര്‍കോടും കണ്ണൂരിലും മലപ്പുറത്തുമാണ് ഇത്തരത്തിലുള്ള റാക്കറ്റ് കൂടുതല്‍ രംഗത്തുള്ളത്. പണം മാറ്റിയെടുക്കാന്‍ ഒരു മാസത്തിലേറെയുണ്ടെന്നത് ഇവര്‍ക്ക് ആശ്വാസമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍നിന്ന് കുതറി മാറാനുള്ള മാര്‍ഗങ്ങള്‍ തേടിയാണ് സംസ്ഥാനത്തെ ഹവാല, കുഴല്‍പ്പണ സംഘങ്ങള്‍ ഇടനിലക്കാരുടെ സഹായം തേടുന്നത്. അവസരം മുതലെടുത്ത് ഏജന്റുമാര്‍ കള്ളപ്പണക്കാരെ തേടിയെത്താനും തുടങ്ങിയിട്ടുണ്ടെന്നും അറിയുന്നു. സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം പരമാവധി വെളുപ്പിക്കാന്‍ കഴിയുമോ എന്നാണ് പലരും നോക്കുന്നത്. വായ്പാ കുടിശിക ഉള്ളവരില്‍ പലരേയും എളുപ്പം വലയിലാക്കാനാവുമെന്ന കണക്കുകൂട്ടലില്‍ ഏജന്റുമാര്‍ ഇവരെയാണ് മുഖ്യമായും സമീപിക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മറയാക്കിയും കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കം തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *