ഏജന്റില്ലാതെ വാഹന രജിസ്‌ട്രേഷനും റീ ടെസ്റ്റിനും എത്തി: വാഹന ഉടമയെ പരസ്യമായി ചീത്തവിളിച്ച്‌ ആര്‍ടിഒ


പറവൂര്‍: ഏജന്റില്ലാതെ വാഹന രജിസ്‌ട്രേഷനും റീ ടെസ്റ്റിനും എത്തിയ വാഹന ഉടമയെ പരസ്യമായി ചീത്തവിളിച്ച്‌ ആര്‍ടിഒ. പറവൂര്‍ സ്വദേശിയായ സിയാദിനു നേരെ ജോയിന്റ് ആര്‍ടിഒ ബിജു ജെയിംസ് ആണ് മോശമായി കയര്‍ത്ത് സംസാരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.


വാഹനം റീ ടെസ്റ്റ് നടത്തി തരണമെന്ന് ആവശ്യപ്പെട്ട സിയാദിനോട് ആര്‍ടിഒ കയര്‍ത്ത് സംസാരിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു. റീ ടെസ്റ്റിന് ഓണ്‍ലൈന്‍ വഴി നേരിട്ട് ഫീസടച്ച സിയാദിന്റെ വാഹനം ജോയിന്റ് ആര്‍ടിഒ പരിശോധിച്ചിരുന്നില്ല. ഇതില്‍ പരാതി നല്‍കിയതാണ് ബിജു ജെയിംസിനെ പ്രകോപിപ്പിച്ചതെന്നും തന്റെ വണ്ടി ഇനി റീ ടെസ്റ്റ് ചെയ്ത് നല്‍കരുതെന്ന് മറ്റ് എംവിഐമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും സിയാദ് പറഞ്ഞു. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നല്‍കുമെന്ന് സിയാദ് പറഞ്ഞു.


എന്നാല്‍ തന്നെ മനപൂര്‍വം കുടുക്കിയതാണെന്നും, സംഘടിത മണല്‍ മാഫിയയുടെ നേതാവാണു സിയാദ് എന്നും ജോയിന്റ് ആര്‍ടിഒ ബിജു ജെയിംസ് പറഞ്ഞു. മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്നും ആര്‍ടിഒ പറയുന്നു.



Sharing is Caring