എൻഎസ്എസിന്‍റെ പിന്മാറ്റത്തിൽ തുടർനീക്കങ്ങൾ ആലോചിച്ചുള്ള എസ്എൻഡിപി യോഗം ഇന്ന്


സാമുദായിക ഐക്യത്തില്‍ നിന്ന് എന്‍എസ്എസ് പിന്‍മാറിയതിന് പിന്നാലെ തുടര്‍നീക്കങ്ങള്‍ ആലോചിക്കാനുള്ള എസ്എന്‍ഡിപി യോഗം വിശാല കൗണ്‍സില്‍ ഇന്ന് ചേരും. എൻഎസ്എസിന്‍റെ പിന്മാറ്റത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നാണ് എസ്എന്‍ഡിപിയുടെ വിലയിരുത്തല്‍. എന്‍എസ്എസ് ഐക്യത്തിന് തയ്യാറല്ലെങ്കില്‍ മറ്റ് സാമുദായിക സംഘടനകളുമായി ചേര്‍ന്ന് മുന്നോട്ട് പോകുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.


എന്നാല്‍ പ്രധാനപ്പെട്ട സാമുദായി സംഘടനയായ എന്‍എസ്എസിന്റെ പിന്മാറ്റത്തോടെ മറ്റ് ഐക്യ ശ്രമങ്ങള്‍ പോലും ചോദ്യ ചിഹ്നത്തിലായിരിക്കുകയാണ്.ക്രൈസ്തവ സംഘടനകളോ മറ്റേതെങ്കിലും സാമുദായിക സംഘടനകളോ സംഭവത്തില്‍ അനുകൂല പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല എന്നതും എസ്എന്‍ഡിപിക്ക് മുന്നില്‍ നില്‍ക്കുന്ന വലിയ വെല്ലുവിളിയാണ്. മുന്‍പ് ചേര്‍ന്ന വിശാല കൗണ്‍സിലായിരുന്നു എന്‍എസ്എസുമായുള്ള ഐക്യരൂപീകരണത്തെ പിന്തുണയ്ക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നത്.


അതിനാല്‍ ഇന്ന് ചേരുന്ന വിശാല കൗണ്‍സിലില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പാസാക്കിയ നിലപാടുകളില്‍ മാറ്റം വരുത്തേണ്ടതുണ്ടോ, നിലപാടില്‍ മാറ്റം വരുത്തിയാല്‍ എന്‍എസ്എസിന്റെ തീരുമാനം മാറുമോ എന്നീ കാര്യങ്ങളും എസ്എന്‍ഡിപി ചർച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



Sharing is Caring