എസ്ബിടി ചെക്ക് ഇനി പാസാക്കില്ല; പുതിയ എസ്ബിഐ ചെക്ക് വാങ്ങാത്തവര്‍ ബുദ്ധിമുട്ടും; പുതിയ ഐഎഫ്എസി കോഡ് ഉപയോഗിക്കണം


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്ബിടി) ലയിച്ച് എസ്ബിഐ മാത്രമായതിനാല്‍ എസ്ബിടിയുടെ ചെക്ക് ലീഫ് കൈവശം ഉള്ളവര്‍ ഉടന്‍തന്നെ എസ്ബിഐ ചെക്കിലേക്കു മാറണമെന്ന് ബാങ്ക് വക്താവ് അറിയിച്ചു. എന്നാല്‍ ഈ മാസത്തിനു ശേഷം പഴയ എസ്ബിടി ചെക്കുകള്‍ പാസാക്കി നല്‍കില്ല. എസ്ബിഐയുടെ പുതിയ ചെക്ക് ബുക്ക് ഇടപാടുകാര്‍ കൈപ്പറ്റുകയാണു വേണ്ടത്. എസ്ബിടി ചെക്കുകളുടെ കാലാവധി ജൂലൈ വരെ എന്ന് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് നീട്ടിനല്‍കുകയായിരുന്നു. പഴയ എസ്ബിടി ചെക്കുകള്‍ ഇതുവരെ പാസായി പോവുകയും ചെയ്തു. എന്നാല്‍ ഇനി അത് സാധ്യമാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.


അതേസമയം ഐഎഫ്എസ് കോഡിലും മാറ്റം ഉണ്ടായിട്ടുണ്ട്. ബ്രാഞ്ചുകളില്‍ അന്വേഷിച്ച് പുതിയ കോഡാണു പണം അയയ്‌ക്കേണ്ടവര്‍ ഉപയോഗിക്കേണ്ടത്. ഓണത്തിന് എസ്ബിടിയുടെ പഴയ അക്കൗണ്ടിലേക്കു ശമ്പളം ലഭിച്ചില്ലെന്ന ചില ഭാഗങ്ങളില്‍ നിന്നുള്ള പരാതിയുമായി ബാങ്കിനു ബന്ധമില്ല. ശമ്പള അക്കൗണ്ടും ഐഎഫ്എസ് കോഡുമായി ബന്ധമില്ലെന്നും എസ്ബിഐ വക്താവ് അറിയിച്ചു. ഉപയോക്താക്കള്‍ അവരവരുടെ ബ്രാഞ്ചുകളിലെത്തി എത്രയും പെട്ടെന്ന് പുതിയ ചെക്ക് ബുക്ക് ലഭ്യമാക്കേണ്ടതാണ്.




Sharing is Caring