എസ്ബിഐയും ഇന്ത്യന്‍ നാവികസേനയും ചേര്‍ന്ന് എന്‍എവി-ഇക്യാഷ് കാര്‍ഡ് പുറത്തിറക്കി

കൊച്ചി: ഇന്ത്യന്‍ നാവികസേനയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) സംയുക്തമായി ഇന്ത്യയിലെ ഏറ്റവും വലിയ നാവിക വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ എസ്ബിഐയുടെ എന്‍എവി-ഇക്യാഷ് കാര്‍ഡ് പുറത്തിറക്കി. എസ്ബിഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ സി. എസ്. സെട്ടി, വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈ കാര്‍ഡിന്‍റെ പ്രകാശനം.

കപ്പലുകള്‍ ഉള്‍ക്കടലില്‍ ആയിരിക്കുമ്പോള്‍ കണക്ടീവിറ്റി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയും ഓഫ്ലൈനായും ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് എന്‍എവി-ഇക്യാഷ് കാര്‍ഡ്. ഇരട്ട ചിപ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ സൗകര്യമൊരുക്കിയിട്ടുള്ളത്. ഇതോടെ ഉള്‍ക്കടലിലെ കപ്പിലില്‍ ക്യാഷ് കൈകാര്യം ചെയ്യേണ്ട പ്രയാസകരമായ അവസ്ഥ നാവികര്‍ക്കില്ലാതാവുകയാണ്. ഉള്‍ക്കടലില്‍ ക്യാഷ് നല്‍കാതെ, ഡിജിറ്റലായി പണം കൊടുത്ത് വിവിധ സേവനങ്ങള്‍ പ്രാപ്യമാക്കുകയാണ് എന്‍എവി-ഇക്യാഷ് കാര്‍ഡ്.

സുരക്ഷിതവും സൗകര്യപ്രദവും സുസ്ഥിരവുമായ പേയ്മെന്‍റ് ആവാസവ്യവസ്ഥ മറ്റ് നാവിക കപ്പലുകളിലും വിവിധ പ്രതിരോധ സ്ഥാപനങ്ങളിലും ലഭ്യമാക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ഡ് പുറത്തിറക്കിക്കൊണ്ട് എസ്ബിഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ സി. എസ്. സെട്ടി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *